തിരുവനന്തപുരം: പുനഃസംഘടനയ്ക്ക് മുന്നോടിയായി നേതാക്കളുടെ മനസ്സറിയാൻ എ.ഐ.സി.സി. സെക്രട്ടറിമാർ വരുന്നതിനെ സംസ്ഥാന കോൺഗ്രസിലെ നേതാക്കൾ ഗ്രൂപ്പ് ഭേദമെന്യേ എതിർക്കുന്നു. യോഗ്യത അടിസ്ഥാനമാക്കി ഭാരവാഹികളെ ഇവിടെ കണ്ടെത്താമെന്നിരിക്കെ, അനാവശ്യ സമ്മർദങ്ങൾക്കും ചേരിതിരിവുകൾക്കുമേ കേന്ദ്ര ഭാരവാഹികളുടെ ഇടപെടൽ ഇടയാക്കൂവെന്ന വികാരം സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനെ അറിയിച്ചു. സെക്രട്ടറിമാരുടെ വരവ് മാറ്റിവെച്ചേക്കുമെന്നാണ് സൂചന.

ബുധനാഴ്ച കെ. സുധാകരൻ, വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കാര്യത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പുനഃസംഘടനാകാര്യവും ചർച്ചയായി.

എ.ഐ.സി.സിയുടെ മൂന്ന് സെക്രട്ടറിമാർ ജില്ലകളിൽ പര്യടനം നടത്തി മെറിറ്റുള്ളവരെ കണ്ടെത്തുമെന്നതിനോടാണ് എതിർപ്പ് അറിയിച്ചത്. സംസ്ഥാന നേതാക്കളെ ഇരുട്ടിൽ നിർത്തി ഡൽഹിയിൽ സ്വാധീനമുള്ള ചിലരുടെ താത്പര്യങ്ങൾ നടത്തിയെടുക്കാനാണിതെന്നാണ് വിമർശനം. പ്രവർത്തനം വിലയിരുത്താനുള്ള സംവിധാനവും അനുഭവജ്ഞാനവും ഇവിടത്തെ നേതാക്കൾക്കുണ്ടെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ മണ്ഡലങ്ങളിലും ഇതേ എ.ഐ.സി.സി. സെക്രട്ടറിമാർ ചെന്ന് മനസ്സറിഞ്ഞിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് സ്ഥാനാർഥി പട്ടികയുണ്ടാക്കിയത്. ഇങ്ങനെയെത്തുന്നവർക്ക് ഇവിടത്തെ സാഹചര്യം മനസ്സിലാക്കാൻ കഴിയാറില്ലെന്നും ഹൈക്കമാൻഡിനെ അറിയിച്ചു.

ഓഗസ്റ്റ് ആദ്യം കെ.പി.സി.സി. ജനറൽ സെക്രട്ടറിമാർ, ഡി.സി.സി. പ്രസിഡന്റുമാർ എന്നിവരുടെ നിയമനം നടത്താനാണ് നേതൃത്വം ശ്രമിക്കുന്നത്. മുന്നോടിയായി കെ.പി.സി.സി. പ്രസിഡന്റ് ജില്ലകളിൽ പര്യടനം നടത്തും.

ലീഗുമായി ധാരണയിലെത്തും

നിയമസഭാ സമ്മേളനം തുടങ്ങുന്ന വ്യാഴാഴ്ച തന്നെ മുസ്‌ലിം ലീഗുമായി ചർച്ചനടത്തി ന്യൂനപക്ഷ സ്കോളർഷിപ്പ് കാര്യത്തിൽ ധാരണയിലെത്തും. സ്കോളർഷിപ്പ് വ്യവസ്ഥ കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ വിഭാഗത്തിന് ആനുപാതിക വിഹിതമെന്ന നിർദേശത്തെ യു.ഡി.എഫ്. എതിർക്കില്ല. എന്നാൽ മുസ്‌ലിം വിഭാഗത്തിന് നേരത്തേ ലഭിച്ചിരുന്ന 80 ശതമാനം ആനുകൂല്യത്തിൽ വന്ന കുറവ് നികത്തുംവിധം പുതിയ പദ്ധതി വേണമെന്ന നിർദേശമാകും യു.ഡി.എഫ്. ഉയർത്തുക.