തിരുവനന്തപുരം: നേതൃനിരയിൽ പ്രമുഖരെ എത്തിച്ചും താഴേത്തട്ടിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചും സംഘപരിവാർ സംഘടനകളെ ശക്തിപ്പെടുത്തുന്നു. കൊച്ചിയിൽനടന്ന വാർഷിക ബൈഠക്കിന്റെ തീരുമാനപ്രകാരമാണിത്. ബി.ജെ.പി. സംഘടനാ സെക്രട്ടറി സ്ഥാനത്തേക്കുപോലും നിർദേശിക്കപ്പെട്ട വത്സൻ തില്ലങ്കേരി ഉൾപ്പെടെയുള്ളവരെയാണ് സംഘടനകളുടെ നേതൃനിരയിൽ എത്തിച്ചിരിക്കുന്നത്. ശക്തമായ പ്രവർത്തനം നടത്തുന്നവരെയും പരിവാർ അജൻഡകളോട് കടുത്ത ആഭിമുഖ്യമുള്ളവരെയും ഉൾപ്പെടുത്തിയാണ് ജില്ലാതലങ്ങളിലും പുനഃസംഘടന നടക്കുന്നത്.

രാജ്യഭരണം കിട്ടിയപ്പോൾ ബി.ജെ.പി.യിലേക്കു കൂടുതൽ ശ്രദ്ധപതിഞ്ഞെന്നും സംഘപരിവാർ സംഘടനകളുടെ പ്രാമുഖ്യം കുറഞ്ഞെന്നും കരുതുന്നവരുണ്ട്. ശബരിമല സമരകാലത്ത് ഈ സംഘടനകൾ മുൻനിരയിൽ ഉണ്ടായിരുന്നെങ്കിലും സമരം ചെയ്തതിന്റെ ക്രെഡിറ്റ് പോയത് ബി.ജെ.പി.ക്കാണ്. തിരഞ്ഞെടുപ്പുകളിലെ മുൻനിര പ്രവർത്തനത്തിൽ ആർ.എസ്.എസും മറ്റു സംഘടനകളും ബി.ജെ.പി.യെക്കാൾ ശക്തമായി രംഗത്തുണ്ടാകാറുമുണ്ട്.

പുനഃസംഘടിപ്പിക്കപ്പെട്ട ഹിന്ദു ഐക്യവേദിയിൽ കെ.പി. ശശികല അധ്യക്ഷയായി തുടരും. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്കു തില്ലങ്കേരിയെ നിയമിച്ചു. സംവിധായകൻകൂടിയായ വിജി തമ്പിയെയാണ് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനാക്കിയത്. ഈ മാറ്റം സംഘടനകളുടെ ശക്തിപ്പെടുത്തലിന് ഉതകുമെന്നാണ് കണക്കുകൂട്ടൽ.

ബി.ജെ.പി.യിൽ അടുത്തകാലത്തുണ്ടായ സംഭവങ്ങൾ ആർ.എസ്.എസിൽ കടുത്ത അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇതും പരിവാർ സംഘടനകളെ ശക്തിപ്പെടുത്തണമെന്ന ആവശ്യത്തിനു പിൻബലമേകി. അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാതെ തിരുത്തൽവരുത്തി സംഘടനയെ ശക്തിപ്പെടുത്തുകയെന്നതാണ് അവരുടെ നയം.