കരിപ്പൂർ: സൗദിയിലേക്കു മടങ്ങേണ്ട പ്രവാസികൾക്കു വീണ്ടും തിരിച്ചടി. ഖത്തർ വഴി ‘ഓൺ അറൈവൽ വിസ’യിൽ സൗദിയിലേക്കു യാത്രചെയ്യാനുദ്ദേശിച്ച പ്രവാസികൾക്കാണു വിസ, വിമാനടിക്കറ്റ്‌ നിരക്കുവർധന തിരിച്ചടിയായത്. 50,000 രൂപവരെയുണ്ടായിരുന്ന വിസ, വിമാനടിക്കറ്റ് നിരക്കുകൾ ഒരുലക്ഷത്തിനടുത്തെത്തി. ഖത്തർ വഴി സൗദിയിലേക്കു മടങ്ങാനുദ്ദേശിച്ച ആയിരങ്ങളെ നിരക്കുവർധന ബാധിച്ചു.

നേരത്തേ യൂറോപ്പിലെയും ആഫ്രിക്കയിലെയും രാജ്യങ്ങൾ വഴിയാണ് കൂടുതൽപേരും സൗദിയിലേക്കു മടങ്ങിയിരുന്നത്. രാജ്യത്തെ കോവിഡ് രണ്ടാംതരംഗം ഇൗ വഴികൾ അടച്ചു. ഇതോടെയാണു ഖത്തർ വഴി സൗദിയിലേക്കു പോകാനുള്ള വഴിതെളിഞ്ഞത്. ഖത്തറിൽ എത്തുമ്പോൾ ലഭിക്കുന്ന വിസയിയിൽ അവിടെ ഏഴുദിവസം തങ്ങി യാത്രക്കാർക്കു ജിദ്ദയിലേക്കു പോകാമായിരുന്നു. മറ്റു രാജ്യങ്ങൾവഴി പോകുന്നതിന്റെ പകുതി നിരക്കുമാത്രമേ ഇതിനാവശ്യമുള്ളൂ. യാത്രക്കാർ കൂടിയതോടെ വിസ, വിമാനനിരക്കുകൾ വർധിച്ചു. പെരുന്നാൾ കഴിഞ്ഞശേഷമുള്ള തിരക്കുകൂടി കണക്കിലെടുക്കുമ്പോൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടുമെന്നാണു കരുതുന്നത്.

സ്വന്തം രാജ്യത്തുനിന്നു രണ്ടുഡോസ് കോവിഡ് വാക്സിനെടുത്തതിന്റെ രേഖയും ഖത്തറിൽ ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിഞ്ഞ രേഖകളും നൽകുന്നവർക്ക് സൗദിയിലേക്കു കടക്കാമായിരുന്നു. എന്നാൽ സൗദി ആരോഗ്യവകുപ്പിന്റെ വാക്സിൻ സർട്ടിഫിക്കറ്റ് പരിശോധനയും പ്രവാസികൾക്കു വിനയാകുന്നു. ഇന്ത്യയിൽ രണ്ടുഡോസ് വാക്സിൻ എടുത്തവരുടെ കൃത്യമായ വിവരങ്ങൾ സൗദി ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്താനാകുന്നില്ല. ഇതോടെ ടിക്കറ്റ് നേരത്തേ ബുക്കുചെയ്ത് കുറഞ്ഞ നിരക്ക് പ്രയോജനപ്പെടുത്താനുള്ള അവസരവും നഷ്‌ടമാകുന്നു.