കോട്ടയ്ക്കൽ: കോവിഡ് കാലത്ത് കടുത്ത പ്രതിസന്ധിയിലായ ഭിന്നശേഷിക്കാർക്കായി സഹായകേന്ദ്രങ്ങൾ ആരംഭിക്കുകയാണ് സാമൂഹികനീതിവകുപ്പ്. സംസ്ഥാനത്തെ മുഴുവൻ ബ്ലോക്കുകളിലും ‘സഹജീവനം, കോവിഡ്-19 ഭിന്നശേഷി സഹായകേന്ദ്രം’ എന്ന പേരിൽ ഓരോ സഹായകേന്ദ്രമെങ്കിലും തുടങ്ങാനാണു പദ്ധതിയെന്നു സാമൂഹികനീതിവകുപ്പ് ജോയിന്റ് ഡയറക്ടർ എസ്. ജലജ പറഞ്ഞു. സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം പൂർത്തിയായി. ഓഗസ്റ്റ് ആദ്യവാരം കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടക്കും.

സ്‌പെഷ്യൽ സ്‌കൂളുകൾ, ബഡ്‌സ് സ്‌കൂളുകൾ, വൊക്കേഷണൽ ട്രെയിനിങ് സെന്ററുകൾ, വിദ്യാഭ്യാസവകുപ്പിന്റെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചാണ് സഹായകേന്ദ്രങ്ങൾ തുടങ്ങുക. ഇവിടത്തെ അധ്യാപകരെയും പ്രയോജനപ്പെടുത്തും. ഓരോ കേന്ദ്രങ്ങളിലും രണ്ടു സ്‌പെഷ്യൽ എജ്യൂക്കേറ്റർമാർ ഉണ്ടാകും. ബ്ലോക്ക്തല കേന്ദ്രത്തെ സഹായിക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ വൊളന്റിയർമാരുമുണ്ടാകും. ഇവർ ഭിന്നശേഷിക്കാർക്ക് ഈ കേന്ദ്രങ്ങളിൽനിന്നുള്ള സഹായങ്ങൾ ഉറപ്പാക്കും. കൗൺസലിങ്, ചികിത്സ എന്നിവ ആവശ്യമെങ്കിൽ അതിനുള്ള ഇടപെടലുമുണ്ടാകും.

കുടുംബങ്ങളുടെ ഗ്രൂപ്പുകളുണ്ടാക്കി ഓൺലൈൻ ക്ലാസ് നൽകുക, കോവിഡ് ബാധിതരായ ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും സഹായമെത്തിക്കുക, അത്യാവശ്യഘട്ടത്തിൽ മരുന്ന്, ഭക്ഷണം എന്നിവ നൽകുക, കോവിഡ് വാക്‌സിനേഷൻ ഉറപ്പുവരുത്തുക, സർക്കാർ സഹായങ്ങൾക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകുക തുടങ്ങിയ സേവനങ്ങളുമുണ്ടാകും. സംസ്ഥാനത്തെ പത്തുലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സേവനം പ്രയോജനംചെയ്യും. സാമൂഹികനീതിവകുപ്പ് ജില്ലാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല നിരീക്ഷണസമിതിയുടെ മേൽനോട്ടത്തിലാകും ബ്ലോക്ക്തല കേന്ദ്രങ്ങൾ. നടത്തിപ്പിനു പ്രാദേശിക സമിതികളുമുണ്ടാകും.