പനജി: ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹേബ് ഫാൽക്കെയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യാന്തര ചലച്ചിത്രമേളയിൽ അദ്ദേഹത്തിന്റെ മൂന്ന് ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ‘കാളിയ മർദൻ’, ‘ലങ്ക ദഹൻ’, ‘രാജാ ഹരിശ്ചന്ദ്ര’ തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. ദാദാസാഹേബ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരദാന ചടങ്ങിന്റെ ക്ഷണപത്രിക നടി സുസ്മിത സെൻ പ്രകാശനംചെയ്തു. ഫെബ്രുവരി 20-ന് മുംബൈ താജ് ലാൻഡ്സ് എൻഡിലാണ് ചടങ്ങ്.

ഇന്ത്യൻ പനോരമയിൽ ഫീച്ചർ വിഭാഗത്തിൽ ഗണേഷ് വിനായകന്റെ ‘തേൻ’, ശുഭജിത്ത് മിത്രയുടെ ‘അവിജത്രിക്’, ദുർബാ സാഹെയുടെ ‘ആവർത്തൻ’ എന്നീ ചിത്രങ്ങള്ളും പ്രദർശനത്തിനെത്തി. അന്താരാഷ്ട്ര വിഭാഗത്തിൽ ടിയാഗോ ഗുവേഡസിന്റെ പോർച്ചുഗീസ് ചിത്രം ‘ദ ഡൊമൈൻ’ പ്രദർശിപ്പിച്ചു. 1970-കളിലെ കാർനേഷൻ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. ഹോമേജ് വിഭാഗത്തിൽ ‘ഖരേ ബൈരേ’ (സൗമിത്ര ചാറ്റർജി), ‘മിഷൻ കാശ്മീർ’ (രാഹത് ഇൻഡോറി), ‘ഭിജ മൈത്ര സ്വർഗ’ (മൻമോഹൻ മഹാപത്ര) തുടങ്ങിയവയാണ് പ്രദർശനത്തിനെത്തിയ ചിത്രങ്ങൾ.

ഇന്ത്യൻ പനോരമയിൽ മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ വെള്ളിയാഴ്ച പ്രദർശനത്തിനെത്തും. ശശാങ്ക് ഉദാപുർകറിന്റെ ‘പ്രവാസ്’, സിദ്ധാർഥ് ത്രിപതിയുടെ ‘എ ഡോഗ് ആൻഡ്‌ ഹിസ്മാൻ’ തുടങ്ങിയവയാണ് ഇന്ത്യൻ പനോരമയിൽ ഫീച്ചർ വിഭാഗത്തിലെ മറ്റ് ചിത്രങ്ങൾ. വിജേഷ് മണി സംവിധാനം ചെയ്ത സംസ്‌കൃത ചിത്രം ‘നമോ’യും പ്രദർശനത്തിനെത്തും. ജയറാമാണ് ചിത്രത്തിലെ നായകൻ.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ രാമിൻ റസൗലിയുടെ ഇറാനിയൻ ചിത്രം ‘ദ ഡോഗ് ഡഡിന്റ് സ്ലീപ്പ് ലാസ്റ്റ് നൈറ്റ്’, നിക്കളാസ് മൗറിയുടെ ഫ്രഞ്ച് ചിത്രം ‘മൈ ബെസ്റ്റ് പാർട്ട്’, ലോയിസ് പാറ്റിനോയുടെ സ്പാനിഷ് ചിത്രം ‘റെഡ് മൂൺ ടൈഡ്’ തുടങ്ങിയവ പ്രദർശിപ്പിക്കും.