തിരുവനന്തപുരം: അവകാശലംഘനം നടത്തിയെന്ന ധനമന്ത്രി തോമസ് ഐസക്കിനെതിരേയുള്ള പരാതിയിൽ മന്ത്രി കുറ്റക്കാരനല്ലെന്നു പ്രിവിലേജ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിന് നിയമസഭയുടെ അംഗീകാരം. കിഫ്ബിയെപ്പറ്റി സി.എ.ജി.യുടെ പരാമർശങ്ങൾ റിപ്പോർട്ട് സഭയിൽ വെക്കുംമുമ്പ് മന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് അവകാശലംഘനമാണെന്ന വി.ഡി. സതീശന്റെ പരാതിയിലാണ് തീർപ്പ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ കന്യാസ്ത്രീയെ അവഹേളിച്ചെന്ന പരാതിയിൽ പി.സി. ജോർജിനെ ശാസിക്കാനുള്ള റിപ്പോർട്ടും സഭ അംഗീകരിച്ചു.

പരാതിക്കാരനും മന്ത്രിക്കും പറയാനുള്ളത് കേട്ടാണ് തീരുമാനമെടുത്തതെന്നു കമ്മിറ്റി ചെയർമാർ എ. പ്രദീപ്കുമാർ വിശദീകരിച്ചു. ഇതേപ്പറ്റിയുള്ള തീർപ്പിന് മാതൃകയാക്കാൻ സമാനസംഭവങ്ങളോ ചട്ടങ്ങളോ ഇല്ലാത്തതിനാൽ രാജ്യസഭാസമിതിയുടെ പഴയൊരു തീരുമാനവും പരിഗണിച്ചു. സി.എ.ജി. പരാമർശങ്ങൾ പത്രങ്ങൾ പ്രസിദ്ധീകരിച്ചത് അവകാശലംഘനമാണോയെന്നാണ് പി.ജെ. കുര്യൻ അധ്യക്ഷനായ രാജ്യസഭാസമിതി അന്നു പരിശോധിച്ചതും ചട്ടലംഘനമില്ലെന്നു കണ്ടതും.

റിപ്പോർട്ടിലുള്ള വിചിത്രമായ പരാമർശങ്ങൾ നീക്കണമെന്നു വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കിഫ്ബിക്കെതിരേയുള്ള പരാമർശങ്ങൾ എഴുതിച്ചേർത്തെന്ന മന്ത്രിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽമാത്രം സമിതി നിഗമനത്തിലെത്തിയത് ശരിയല്ല. സി.എ.ജി.യോട് വിശദാംശങ്ങൾ ആരാഞ്ഞ് ഒരുകത്തുപോലും അയയ്ക്കാതെ പേജുകൾ തിരുകിക്കയറ്റിയെന്നു പറയുന്ന സമിതി ഭരണഘടനാസ്ഥാപനത്തെ ആക്രമിക്കുകയാണ്. എന്നാൽ, സി.എ.ജി.യെ വിളിച്ചുവരുത്തുന്നത് സഭ പരിഗണിക്കേണ്ട കാര്യമാണെന്നു പ്രദീപ് വിശദീകരിച്ചു. ഒരു സി.എ.ജി.യും ഈ നിലയിൽ പെരുമാറിയിട്ടില്ലെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു.

ഏതെങ്കിലും മതത്തിന്റെ ആളല്ല താനെന്നും സമിതിയുടെ റിപ്പോർട്ട് അംഗീകരിക്കുന്നതായും പി.സി. ജോർജ് പറഞ്ഞു. ക്രിസ്തീയ മതവിശ്വാസിയെന്ന നിലയിൽ കന്യാസ്ത്രീകൾ സമരം നടത്തിയപ്പോൾ രണ്ടുവർത്തമാനം പറഞ്ഞതേയുള്ളൂ -ജോർജ് വ്യക്തമാക്കി.