തിരുവനന്തപുരം: മലബാർ ദേവസ്വം ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിന് നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമഗ്ര ദേവസ്വംബിൽ തയ്യാറായിട്ടുണ്ടെന്നും കെ.എൻ.എ. ഖാദറിെന്റ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. ശമ്പളപരിഷ്കരണം സംബന്ധിച്ച റിപ്പോർട്ട് സർക്കാർ പരിഗണിക്കുകയാണ്. ജീവനക്കാർക്ക് ഇടക്കാലാശ്വാസമായി 2000 രൂപ നൽകി.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലുള്ള ശുചീകരണത്തൊഴിലാളികൾക്ക് ദിവസവേതനം 750 രൂപയായി ഉയർത്തിയെന്നും കൂടുതൽ ആനുകൂല്യം നൽകുന്നത് പരിശോധിക്കുമെന്നും യു. പ്രതിഭയെ മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.

ദേശീയപാതയിൽ അപകടസാധ്യത കൂടിയ ബ്ലാക്ക്‌സ്പോട്ട് മേഖലയിൽ പരിഹാരനടപടികൾക്ക് നിർദേശങ്ങൾ നൽകാൻ ദേശീയപാതാ അതോറിറ്റി കൺസൽട്ടന്റിനെ നിയമിച്ചതായി ഷാനിമോൾ ഉസ്മാനെ മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഫെബ്രുവരി രണ്ടാംവാരം കൺസൽട്ടൻസി കേരളത്തിലെത്തും.

റേഷൻകാർഡിന് തടസ്സമില്ല

ദേശീയ ഭക്ഷ്യഭദ്രതാനിയമപ്രകാരം അർഹമായ എല്ലാവർക്കും റേഷൻകാർഡ് നൽകാൻ തടസ്സമില്ലെന്ന്‌ ഇ.ടി. ടൈസൺ മാസ്റ്റർക്ക് നിയമസഭയിൽ മറുപടി. പുറമ്പോക്കിലും റോഡുവക്കിലും ഷെഡ്‌കെട്ടി താമസിക്കുന്ന വീട്ടുനമ്പറില്ലാത്ത കുടുംബങ്ങൾക്ക് ‘00’ എന്നരീതിയിൽ വീട്ടുനമ്പർ നൽകി കാർഡ് അനുവദിക്കും. മുൻഗണനപ്പട്ടികയിൽ ഒഴിവുണ്ടാകുന്ന മുറയ്ക്ക് അതിലുൾപ്പെടുത്തും. വാടകവീടുകളിൽ താമസിക്കുന്നവർക്ക് വ്യക്തമായ വാടകക്കരാറുണ്ടെങ്കിൽ പുതിയകാർഡിന് തടസ്സങ്ങളില്ലെന്നും മന്ത്രി പി. തിലോത്തമനുവേണ്ടി മന്ത്രി ഇ. ചന്ദ്രശേഖരൻ സഭയെ അറിയിച്ചു.