തിരുവനന്തപുരം: ഇടതുസർക്കാരിന്റെ വിദ്യാഭ്യാസവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രകടനമായി എത്തിയ പ്രവർത്തകരെ നിയമസഭയ്ക്കു സമീപം പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ജലപീരങ്കി പ്രയോഗിച്ചശേഷം നേതാക്കളെ അറസ്റ്റുചെയ്ത് നീക്കി. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മാർച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസപരിഷ്കരണങ്ങൾ നടത്താതെ പിണറായിസർക്കാർ വിദ്യാർഥികളെ വഞ്ചിക്കുകയാണ്‌ ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, ജില്ലാ പ്രസിഡന്റ് തോന്നയ്ക്കൽ ജമാൽ, ജനറൽ സെക്രട്ടറി കണിയാപുരം ഹലീം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന, എം.എസ്.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, എ.പി.അബ്ദുസമദ് തുടങ്ങിയവർ നേതൃത്വം നൽകി.