തിരുവനന്തപുരം: താൻ ഒരുതെറ്റും ചെയ്തിട്ടില്ലെന്നും ഒരിഞ്ചും തലകുനിക്കില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഒരുഘട്ടത്തിൽ വികാരഭരിതമായാണ് അദ്ദേഹം മറുപടി പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞപോലെ ജനുസ്സ് വേറെയാണ്‌. കൈകൾ ശുദ്ധവുമാണ്‌. കേട്ടുകേൾവികളുടെയും അപവാദങ്ങളുടെയും പിൻബലത്തിൽ നിയമസഭയുടെ അധ്യക്ഷവേദിക്കെതിരേ ആദ്യമായി പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷവും പ്രതിപക്ഷനേതാവുമെന്നാണ് ഇവർ ചരിത്രത്തിൽ അറിയപ്പെടാൻ പോകുന്നത്. താൻ വിദ്യാർഥിയായിരുന്ന കാലത്ത് ചെന്നിത്തലയുടെ പ്രസംഗം കേട്ടിരുന്നു. അന്നു കണ്ടതിൽനിന്ന് രമേശ് ചെന്നിത്തല അല്പംപോലും വളർന്നിട്ടില്ല. അദ്ദേഹം ആരോപിച്ചതെല്ലാം വസ്തുതാവിരുദ്ധമാണ്. ഫെസ്റ്റിവൽ ഓൺ ഡെമോക്രസി സംഘടിപ്പിച്ച എം.ഐ.ടി.ക്ക് അഞ്ചുകോടി കൊടുത്തെന്നാണ് ആരോപിക്കുന്നത്. ഒരുരൂപ കൊടുത്തെന്ന് തെളിയിച്ചാൽ ഞാനീ പണി നിർത്തും. മാധ്യമങ്ങളും അപവാദപ്രചാരണമാണ് നടത്തുന്നത് -സ്പീക്കർ പറഞ്ഞു.

നിയമസഭയിൽ നവീകരണപ്രവർത്തനങ്ങൾക്ക് ഊരാളുങ്കൽ സഹകരണ സംഘത്തിന് ടെൻഡറില്ലാതെ കരാർ നൽകിയത് അഴിമതിയാണെന്ന് ആരോപിക്കുന്നവർ മുമ്പ് ഊരാളുങ്കലിന് തങ്ങളുടെ മണ്ഡലത്തിലെ പ്രവൃത്തികൾ ടെൻഡറില്ലാതെ നൽകണമെന്ന് അപേക്ഷിച്ചവരാണ്.

രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, ആര്യാടൻ മുഹമ്മദ്, എം. ഉമ്മർ, പി. ഉബൈദുള്ള എന്നിവർ ഇതിനായി നൽകിയ കത്തുകളും ശ്രീരാമകൃഷ്ണൻ വായിച്ചു. നിയമസഭയിലെ ഡിജിറ്റൈസേഷന് നൽകിയ കരാർ ഊരാളുങ്കൽ മറിച്ചുനൽകിയെന്ന ആരോപണത്തെക്കുറിച്ച് അറിയില്ല.

സ്വർണക്കടത്ത് ശൂന്യതയിൽനിന്ന് ഉണ്ടാക്കിയെടുത്ത കഥയാണ്. സ്വപ്നാസുരേഷ് ഉൾപ്പെടെയുള്ളവരുടെ ക്ഷണപ്രകാരം ഒരു കട ഉദ്ഘാടനംചെയ്യാൻ പോയെന്നത് സത്യം. അതവരുടെ വഴിവിട്ട നീക്കങ്ങൾ അറിയാതെയാണ്. അതിന്റെ പേരിലാണ് ഈ തോന്ന്യാസങ്ങൾ കാട്ടിക്കൂട്ടുന്നത്. പ്രതിപക്ഷത്തിന്റെ എതിർപ്പിനെത്തുടർന്ന് തോന്ന്യാസം എന്ന വാക്ക് സ്പീക്കർ പിൻവലിച്ചു.

‘‘എന്റെ പിതാമഹൻ മാഞ്ചീരി രാമൻനായർ ഇ.എം.എസിന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു. മാപ്പിള കുടിയാന്മാരുടെ വ്യവഹാരത്തിന് കോടതിയിൽ പോവുകയും പെരിന്തൽമണ്ണ സ്കൂളിൽ അതേ കോട്ടിട്ട് പഠിപ്പിക്കുകയും ചെയ്തു അദ്ദേഹം. അതാണ് എന്റെ പൈതൃകം. ആ സംസ്കാരത്തിന്റെ ബലത്തിലാണ് ഈ അപവാദങ്ങളെ കാലം തള്ളിക്കളയുമെന്ന് ഞാൻ പറയുന്നത്’’ -ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ഓർമവരുന്നത് ഗോഡ്ഫാദറിലെ അടി

തനിക്കെതിരായ ആരോപണങ്ങൾ കേൾക്കുമ്പോൾ ഗോഡ്ഫാദർ സിനിമയിലെ രംഗമാണ് ഓർമവരുന്നത്. അച്ഛനല്ലെങ്കിൽ അടിക്കെടാ എന്ന് എൻ.എൻ. പിള്ളയുടെ കഥാപാത്രം പറഞ്ഞപ്പോൾ അനിയന്റെ മുഖത്താണ് ഇന്നസെന്റിന്റെ കഥാപാത്രം അടിച്ചത്. അഴിമതി ഉണ്ടെങ്കിൽ അടിക്കെടാ എന്ന് സർക്കാർ പ്രതിപക്ഷത്തോട് ആവർത്തിച്ചപ്പോൾ അവർ തന്റെ കരണത്താണ് അടിച്ചത്. ഉമ്മറിന്റെ ഈ അടി ബൂമറാങ് ആവും -ശ്രീരാമകൃഷ്ണൻ പറഞ്ഞു.