മംഗളൂരു: മംഗളൂരു വിമാനത്താവളം വഴി ദുബായിൽനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവുമായി യുവാവ് അറസ്റ്റിൽ. കർണാടക മടിക്കേരി സ്വദേശി ഉബൈദ് ബാളിയാത്ത് അസീസാ(25)ണ് കസ്റ്റംസിന്റെ പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ മംഗളൂരുവിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണിയാൾ.
രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് കസ്റ്റംസ് അധികൃതർ ഇയാളെ പ്രത്യേകമായി പരിശോധിച്ച് 44.2 ലക്ഷം രൂപ വിലമതിക്കുന്ന 800 ഗ്രാം സ്വർണം കണ്ടെടുക്കുകയായിരുന്നു. രാസവസ്തുക്കൾ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം നാലു ഗോളങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സെലോടേപ്പൊട്ടിച്ച് മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താനാണ് ശ്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു.