തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികൾക്കായി ട്രാവൻകൂർ പ്രവാസി ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്ന്‌ പ്രവാസി പുനരധിവാസ പദ്ധതിയിലുള്ള വായ്പയുടെ വിതരണം ആരംഭിച്ചു. വായ്പാവിതരണോദ്ഘാടനം നോർക്ക റൂട്ട്‌സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.

വെഞ്ഞാറമൂട് സ്വദേശി മുജീബ് ഖാൻ ആദ്യ വായ്പ ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് കെ.സി.സജീവ് തൈക്കാട്, നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ ഡി.ജഗദീഷ്, സൊസൈറ്റി സെക്രട്ടറി രേണി വിജയൻ, ബി.അനൂപ് എന്നിവർ പങ്കെടുത്തു.

മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്കയുടെ 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ സ്വയംസംരംഭം തുടങ്ങാൻ വായ്പ നൽകും. 16 പ്രമുഖ ബാങ്കുകൾ വഴി വായ്പ നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സിന്റെ ടോൾഫ്രീ നമ്പറായ 1800 425 3939(ഇന്ത്യ), 00918802012345 (വിദേശത്തുനിന്ന്‌) മിസ്ഡ് കോൾ സേവനം ലഭിക്കും.