മലപ്പുറം: കോവിഡ് മൂലമുണ്ടായ അടച്ചിടൽകാലത്ത് കുട്ടികൾ മുൻകാലത്തേക്കാൾ സുരക്ഷിതരായിരുന്നെന്ന് കണക്കുകൾ. സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ മുൻ വർഷത്തേക്കാൾ കുറവുണ്ടെന്ന് പോലീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കിൽ പറയുന്നു. 3226 കേസുകളാണ് കഴിഞ്ഞവർഷം റിപ്പോർട്ടുചെയ്തത്. എന്നാൽ 2018-ലും 2019-ലുമെല്ലാം ഇത് 4500ന് മുകളിലായിരുന്നു.

ലോക്ഡൗണും സ്കൂൾ അടച്ചിടലുംമൂലം കുട്ടികൾ വീടുകളിൽത്തന്നെ കഴിഞ്ഞതാവാം അതിക്രമങ്ങൾ കുറഞ്ഞതിനു പിന്നിലെന്ന് അധികൃതർ പറയുന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പുറംലോകം അറിയാനുള്ള സാധ്യതകൾ കുറഞ്ഞുപോയത് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനെ പ്രതികൂലമായി ബാധിച്ചുവെന്ന് വിലയിരുത്തുന്നവരും ഉണ്ട്. പീഡനക്കേസുകൾ 1036 എണ്ണമാണ് 2020-ൽ രജിസ്റ്റർചെയ്തതെങ്കിൽ 19-ൽ അത് 1313 എണ്ണമായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ 183 എണ്ണമാണ്. മുൻവർഷം അത് 267 ആണ്.

ശൈശവ വിവാഹം കൂടി

കഴിഞ്ഞവർഷം 10 ശൈശവ വിവാഹങ്ങളാണ് നടന്നത്. 2019-ൽ ആറെണ്ണം മാത്രമാണ് നടന്നത്. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിക്കൊണ്ടുള്ള തീരുമാനം ഉടൻ എത്തുമെന്ന തോന്നലാണ് ശൈശവ വിവാഹം കൂടാൻ കാരണമായത്.

സ്കൂൾ തുറന്നാൽ എണ്ണംകൂടും

കുട്ടികൾ സ്കൂളുകളിലേക്ക് എത്തിത്തുടങ്ങിയാൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ എണ്ണം കൂടാനിടയുണ്ട്. സ്കൂളുകളിൽ നടത്തുന്ന കൗൺസലിങ്ങുകളിലാണ് പല സംഭവങ്ങളും പുറത്തറിയുന്നത്.

അൻവർ കാരക്കാടൻ (മലപ്പുറം ചൈൽഡ് ലൈൻ കോ -ഓർഡിനേറ്റർ)

വർഷം, കേസുകളുടെ എണ്ണം

2020-3226

2019-4553

2018-4253

2017-3543

2016-2881