ഉപ്പള: കുടുംബവഴക്കിനിടെ യുവാവ് ഭാര്യാമാതാവിനെയും ഭാര്യയുടെ രണ്ട് സഹോദരിമാരെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഉപ്പള സോങ്കാൽ ശാന്തിഗുരിയിലെ ലക്ഷ്മി (57), മക്കളായ മാധവി (40), രുഗ്മിണി (33) എന്നിവർക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കർണാടക ബെൽത്തങ്ങടിയിലെ രവി(40)യാണ് ഭാര്യ ഗൗരിയുടെ അമ്മ ലക്ഷ്മിയെയും ഭാര്യയുടെ രണ്ട് സഹോദരിമാരെയും വെട്ടി പരിക്കേൽപ്പിച്ചത്.

സാരമായി പരിക്കേറ്റ മൂന്ന് സ്ത്രീകളെയും മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. യുവാവിനും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.