കോട്ടയം: ഉത്സവങ്ങളുടെ നടത്തിപ്പിന്‌ ക്ഷേത്ര ഉപദേശകസമിതി പിരിക്കാനുദ്ദേശിക്കുന്ന തുകയുടെ അഞ്ച്‌ ശതമാനം മുൻകൂർ അടയ്ക്കണമെന്ന തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് കോട്ടയത്ത്‌ ചേർന്ന ഹിന്ദു നേതൃയോഗം ആവശ്യപ്പെട്ടു.

ശക്തമായ പ്രക്ഷോഭത്തിന്‌ രൂപം നൽകാനും കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര സ്വാമിയാർ മഠത്തിൽ ചേർന്ന നേതൃയോഗം തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്ര ഉപദേശകസമിതികളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതാക്കൾ പങ്കെടുത്തു.

ക്ഷേത്രങ്ങളിൽനിന്ന് നോക്കുകൂലി വാങ്ങാനുള്ള തീരുമാനം പിൻവലിക്കുക, ആചാരങ്ങൾ അതേപടി നിലനിർത്താൻ ദേവസ്വം ബോർഡ് തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ ജി.രാമൻ നായർ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി സംസ്ഥാന വർക്കിങ് പ്രസിഡൻറ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷനായി.

ഒന്നാംഘട്ടമെന്ന നിലയിൽ ദേവസ്വം ബോർഡ് പ്രസിഡൻറ്, മന്ത്രി എന്നിവർക്ക് നിവേദനം നൽകും. ഫെസ്റ്റിവൽ കോ-ഓർ‌ഡിനേഷൻ സംസ്ഥാന സെക്രട്ടറി പി.എസ്.രവീന്ദ്രനാഥൻ നായർ, ബി.രാധാകൃഷ്ണമേനോൻ, എം.മധു, ബി.ഗോപകുമാർ, ആർ.ശിവപ്രസാദ്, കൃഷ്ണൻ ചെട്ടിയാർ, വി.എസ്.മണിക്കുട്ടൻ നമ്പൂതിരി, എസ്.ശങ്കർ, പ്രമോദ് തിരുവല്ല, പി.എൻ.ബാലകൃഷ്ണൻ, സി.കൃഷ്ണകുമാർ, പി.സി.ഗിരീഷ് കുമാർ, കെ.ഗോപിനാഥൻ നായർ, രാജേഷ് നട്ടാശേരി, ഉണ്ണി കിടങ്ങൂർ, കെ.വി.വിജിത്, വി.എസ്.ഹരിപ്രസാദ്, അനൂപ് കുമാർ വേഴാങ്ങാനം തുടങ്ങിയവർ വിവിധ ക്ഷേത്രങ്ങളെയും സംഘടനകളെയും പ്രതിനിധീകരിച്ച് നേതൃയോഗത്തിൽ പങ്കെടുത്തു.