തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. നൽകേണ്ട 356 കോടി രൂപ നൽകിയില്ലെങ്കിലോ പുതിയ പദ്ധതികൾ ആരംഭിച്ചില്ലെങ്കിലോ സ്ഥാപനം പൂട്ടേണ്ടിവരുമെന്ന് കേരള ട്രാൻസ്പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെ.ടി.ഡി.എഫ്.സി.) സർക്കാരിനെ അറിയിച്ചു. കെ.എസ്.ആർ.ടി.സി.യുമായുള്ള സാമ്പത്തിക ഇടപാടുകൾ അവസാനിപ്പിച്ചതോടെ കെ.ടി.ഡി.എഫ്.സി. സാമ്പത്തികപ്രതിസന്ധിയിലാണ്. കെ.എസ്.ആർ.ടി.സി.ക്ക് വായ്പകൾ കൊടുക്കുന്നതിലെ ലാഭമായിരുന്നു കെ.ടി.ഡി.എഫ്.സി.യെ നിലനിർത്തിയിരുന്നത്.

ഇരുസ്ഥാപനങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടിലും തർക്കമുണ്ട്. വായ്പ പൂർണമായും അടച്ചുതീർത്തെന്നാണ് കെ.എസ്.ആർ.ടി.സി.യുടെ വാദം. ഇരുവരുടെയും സാമ്പത്തിക ഇടപാടുകൾ ഒട്ടേറെത്തവണ പരിശോധിച്ചെങ്കിലും കണക്കുകളിലെ പൊരുത്തക്കേടുകൾ തീർക്കാൻ കഴിഞ്ഞില്ല.

കെ.എസ്.ആർ.ടി.സി.ക്ക് വായ്പകൾ ലഭ്യമാക്കാൻ സർക്കാർ രൂപവത്കരിച്ച ധനകാര്യസ്ഥാപനമാണ് കെ.ടി.ഡി.എഫ്.സി. തങ്ങൾക്കുകിട്ടുന്ന പലിശനിരക്കിന്റെ 0.5 ശതമാനമുയർത്തി കെ.എസ്.ആർ.ടി.സി.ക്ക് വായ്പനൽകാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതായിരുന്നു കെ.ടി.ഡി.എഫ്.സി.യുടെ വരുമാനം. എന്നാൽ, കെ.ടി.ഡി.എഫ്.സി.യിൽനിന്ന്‌ എടുത്തിരുന്ന 3100 കോടി രൂപയുടെ വായ്പകൾ കഴിഞ്ഞവർഷം കെ.എസ്.ആർ.ടി.സി ബാങ്ക് കൺസോർഷ്യത്തിലേക്ക് മാറ്റി. കുറഞ്ഞ നിരക്കിലാണ് ബാങ്ക് കൺസോർഷ്യം വായ്പ ലഭിച്ചത്. ഇതോടെ കെ.എസ്.ആർ.ടി.സി.യിൽനിന്ന്‌ കെ.ടി.ഡി.എഫ്.സി.ക്കുള്ള വരുമാനം കുറഞ്ഞു. വായ്പതിരിച്ചടവായി ദിവസം മൂന്നുകോടിയോളം രൂപ കെ.എസ്.ആർ.ടി.സി., കെ.ടി.ഡി.എഫ്.സി.ക്ക് കൈമാറിയിരുന്നു. ഈ തുക നിലച്ചതോടെ സാമ്പത്തികപ്രതിസന്ധി രൂക്ഷമായി. കെ.എസ്.ആർ.ടി.സി.യുടെ ഭൂമിയിൽ കെ.ടി.ഡി.എഫ്.സി. വാണിജ്യസമുച്ചയങ്ങൾ നിർമിച്ചതും നഷ്ടമായിരുന്നു. തമ്പാനൂർ, അങ്കമാലി, കോഴിക്കോട്, തിരുവല്ല എന്നിവിടങ്ങളിലെ വാണിജ്യസമുച്ചയങ്ങൾ പൂർണമായും വാടകയ്ക്കുപോയിട്ടില്ല.

കെ.ടി.ഡി.എഫ്.സി. പൂട്ടില്ല

കെ.ടി.ഡി.എഫ്.സി.യും കെ.എസ്.ആർ.ടി.സി.യുമായി വായ്പാ ഇടപാടിൽ ചില തർക്കങ്ങൾ ഏറെക്കാലമായിട്ടുണ്ട്. ഇതുപരിഹരിക്കും. പൊതുമേഖലാസ്ഥാപനങ്ങൾ സംരക്ഷിക്കുക എന്നതാണ് സർക്കാർനയം -മന്ത്രി എ.കെ ശശീന്ദ്രൻ