കൊല്ലം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരംഭിച്ച മുതിർന്നവർക്കായുള്ള വയോക്ഷേമ കോൾ സെന്ററുകളുടെ പ്രവർത്തനം മാർച്ച്് 31 വരെ നീട്ടി. വീടുകളിൽ റിവേഴ്‌സ് ക്വാറന്റീനിലും വൃദ്ധസദനങ്ങളിലും കഴിയുന്നവർക്കായി കഴിഞ്ഞ സെപ്റ്റംബറിലാണ് സെന്ററുകൾ ആരംഭിച്ചത്.

മരുന്നും സഹായവും മാർഗനിർദേശങ്ങളും തേടി ലക്ഷക്കണക്കിനുപേരാണ് ഓരോ ജില്ലയിലെയും നമ്പറുകളിലേക്ക് വിളിച്ചത്. എട്ട് ജില്ലാ സെന്ററുകൾ സ്കൂളുകളിലും കോളേജുകളിലുമായിരുന്നു പ്രവർത്തിച്ചിരുന്നത്. ജനുവരി ഒന്നിന് വിദ്യാലയങ്ങൾ തുറന്നതോടെ പലതിന്റെയും പ്രവർത്തനം തടസ്സപ്പെട്ടു. ഇവ സൗകര്യപ്രദമായ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിനുവേണ്ട തുകയും അനുവദിച്ചു.

സംസ്ഥാനത്തെ 47 ലക്ഷത്തോളം വരുന്ന വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളും അടിയന്തരാവശ്യങ്ങളും അറിയുന്നതിനും പരിഹരിക്കുന്നതിനുമായാണ് വയോജന സെല്ലിന്റെ ചുമതലയിൽ കേന്ദ്രങ്ങൾ തുറന്നത്. ദിവസവും രാവിലെ ആറുമുതൽ രാത്രി പത്തുവരെയാണ് പ്രവർത്തനം.

ആയിരക്കണക്കിനുപേർക്ക് വീടുകളിൽ അവശ്യമരുന്നുകൾ എത്തിച്ചുകൊടുത്തതായി സാമൂഹികനീതിവകുപ്പ്‌ അധികൃതർ പറഞ്ഞു. വൈദ്യസഹായം, ടെലിമെഡിസിൻ എന്നിവയും ലഭ്യമാക്കി. വയോജനങ്ങളുടെ ആശങ്കകൾക്ക് കൗൺസലിങ്ങിലൂടെ പരിഹാരം കാണാനും മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതിയിൽ നിയമനടപടി സ്വീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. സർക്കാർ ജീവനക്കാർ, അധ്യാപകർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർ, അങ്കണവാടി ജീവനക്കാർ, വൊളന്റിയർമാർ തുടങ്ങിയവരുടെ സേവനമാണ് ഇവിടെ ലഭ്യമാക്കിയത്. കോൾ സെന്ററുകൾക്കായി ഇതിനകം 54 ലക്ഷം രൂപ സർക്കാർ ചെലവഴിച്ചിട്ടുണ്ട്.