കൊച്ചി: ഡോളർക്കടത്തുകേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ സുഹൃത്തിനെയും പ്രവാസിവ്യവസായിയെയും കസ്റ്റംസ് അന്വേഷണസംഘം ചോദ്യം ചെയ്തു. സ്പീക്കർ രഹസ്യ സിം ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്ന് സിം ഉടമയായ പൊന്നാനി സ്വദേശി നാസറിനെയാണ് ചോദ്യംചെയ്തത്. നാസർ സിം വാങ്ങി ശ്രീരാമകൃഷ്ണന് നൽകുകയായിരുന്നു. ഈ സിം ഉപയോഗിച്ച ഫോണിലൂടെയുള്ള ആശയവിനിമയങ്ങൾ സംശയാസ്പദമെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് നാസറിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.

മസ്കറ്റിൽ വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീർ മുഹമ്മദിനെയും കസ്റ്റംസ് ചോദ്യംചെയ്തു. ഡോളർ നിക്ഷേപങ്ങൾ എത്തിയത് ഈ സ്ഥാപനത്തിലേക്കാണെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. സ്ഥാപനത്തിന്റെ ഭാഗമായ പ്രവാസി കിരണിനെ കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.