കൊച്ചി: ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതിചേർക്കാൻ കസ്റ്റംസിന് അനുമതി. എറണാകുളം സാമ്പത്തിക കുറ്റവിചാരണക്കോടതിയാണ് കസ്റ്റംസിന്റെ അപേക്ഷയിൽ അനുമതി നൽകിയത്. കേസിൽ ശിവശങ്കർ നാലാം പ്രതിയാകും. സ്വപ്‌നാ സുരേഷ്, പി.എസ്. സരിത്ത്. ഈജിപ്തുകാരൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രി എന്നിവരാണ് ഒന്നുമുതൽ മൂന്നുവരെ പ്രതികൾ. അറസ്റ്റ് ചെയ്യാനുള്ള അനുമതി ലഭിച്ചതോടെ എറണാകുളം ജില്ലാ ജയിലിൽ റിമാൻഡിൽക്കഴിയുന്ന ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി രേഖപ്പെടുത്തി.

സ്വപ്‌നാ സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോളർക്കടത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം മേധാവി ഖാലിദ് 1.90 ലക്ഷം യു.എസ്. ഡോളർ ഒമാൻ വഴി കെയ്‌റോയിലേക്ക് ഹാൻഡ്ബാഗേജിൽ ഒളിപ്പിച്ച് കൊണ്ടുപോയതായാണ് മൊഴി.

കോൺസുലേറ്റിലെ ഡോളർക്കടത്തിന് ശിവശങ്കറിന്റെ സഹായമുണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.