കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിലെ സി.ബി.ഐ. റെയ്ഡിനെത്തുടർന്ന് നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്കുകൂടി സസ്പെൻഷൻ. വിമാനത്താവളത്തിലെ സൂപ്രണ്ടുമാരായ എസ്. ആശ, സത്യമേന്ദ്രസിങ്, ഇൻസ്പെക്ടർമാരായ സുധീർ കുമാർ, കെ. യാസർ അരാഫത്ത് എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ സസ്പെൻഡ് ചെയ്തത്. ഇതോടെ റെയ്ഡുമായി ബന്ധപ്പെട്ട് സസ്പെൻഷനിലാകുന്ന കസ്റ്റംസ് ഓഫീസർമാരുടെ എണ്ണം എട്ടായി.

കസ്റ്റംസ് പ്രിവന്റീവ് ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തെത്തുടർന്നാണ് നടപടി. സസ്പെൻഷനിലായ ഉദ്യോഗസ്ഥരോട്, അനുമതിയില്ലാതെ ഹെഡ്ക്വാർട്ടേഴ്‌സായ കൊച്ചിവിട്ട് പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.

സി.ബി.ഐ. റെയ്ഡിൽ കരിപ്പൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്നുമാത്രം എട്ടുലക്ഷം രൂപയോളം പിടിച്ചെടുത്തിരുന്നു. സ്വർണവും പണവുമുൾപ്പടെ ഒരു കോടിരൂപയോളം മൂല്യംവരുന്ന കള്ളക്കടത്ത് സാധനങ്ങളും കണ്ടെടുത്തു. ഇതേത്തുടർന്ന് സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവിൽദാർ ഫ്രാൻസിസ് എന്നിവരെ സസ്പെൻഡ്ചെയ്തിരുന്നു.

സംഭവത്തിൽ സി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്യാനൊരുങ്ങുകയാണ്. കസ്റ്റംസ് ചട്ടപ്രകാരം കള്ളക്കടത്തുകേസും ചുമത്തും.