കോട്ടയ്ക്കൽ: കോവിഡ് പ്രതിരോധത്തിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല നടത്തിയ ഗവേഷണപഠനങ്ങൾക്ക് അന്താരാഷ്ട്രശ്രദ്ധ.

ആയുഷ് മന്ത്രാലയം ശുപാർശ ചെയ്തതനുസരിച്ച് ആര്യവൈദ്യശാല നടത്തിയ ഗവേഷണങ്ങളുടെ ഫലങ്ങൾ യു.എസ്. നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റൂട്ടിന്റെ പൊതുജനാരോഗ്യ അടിയന്തരപ്രബന്ധങ്ങളിൽ ഇടംപിടിച്ചു.

ആര്യവൈദ്യശാലയുടെ ക്ലിനിക്കൽ റിസർച്ച് വിഭാഗം, ഔഷധ സസ്യഗവേഷണ കേന്ദ്രം, പ്രോഡക്റ്റ് ഡെവലപ്‌മെന്റ് വിഭാഗം എന്നീ വകുപ്പുകൾ സംയുക്തമായി നടത്തിയ ഗവേഷണങ്ങളുടെ ഫലങ്ങൾ ലോകപ്രശസ്ത പ്രസാധകരായ സ്പ്രിങ്ങർ പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് യു.എസ്. നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് അടിയന്തരപ്രബന്ധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത്.

വില്വാദിഗുളിക, ഇന്ദുകാന്തം ക്വാഥം, മുക്കാമുക്കടുവാദി ഗുളിക എന്നിവയിൽ വൈറസ്സിനെതിരേ പ്രവർത്തിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉതകുന്നതുമായ നിരവധി തന്മാത്രകൾ ഉണ്ടെന്ന് ഔഷധസസ്യഗവേഷണകേന്ദ്രത്തിൽ നടത്തിയ രാസഘടനാപഠനം കണ്ടെത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന പ്രബന്ധങ്ങളാണ് ഇപ്പോൾ ലോകശ്രദ്ധ നേടിയിരിക്കുന്നത്.

ഔഷധസസ്യഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ഇന്ദിരാ ബാലചന്ദ്രൻ, ക്ലിനിക്കൽ റിസർച്ച് വിഭാഗം മേധാവി ഡോ. പി.ആർ. രമേശ് എന്നിവരുടെ കീഴിൽ ഫൈറ്റോ കെമിസ്ട്രി സീനിയർ സയന്റിസ്റ്റ് ഡോ. സി.ടി. സുലൈമാന്റെ നേതൃത്വത്തിലായിരുന്നു ആര്യവൈദ്യശാലയുടെ ഗവേഷണം.

ഫൈറ്റോ കെമിസ്ട്രി വിഭാഗം ശാസ്ത്രജ്ഞൻ എം. ദീപക്, ക്ലിനിക്കൽ റിസർച്ച് വിഭാഗം സീനിയർ ഫിസിഷ്യൻ ഡോ. കെ. മഹേഷ്, പ്രോഡക്റ്റ് ഡെവലപ്‌മെന്റ് വിഭാഗം തലവൻ ഡോ. ഇ.എം. ആനന്ദൻ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ.

വിശദ വിവരങ്ങൾക്ക്: https://www.ncbi.nlm.nih.gov/pmc/articles/PMC7799399/