തിരുവനന്തപുരം: ഡോളർ കടത്തുകേസിൽ ആരോപണവിധേയനായ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്ന സമയത്താണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്നു ആരംഭിച്ച മാർച്ച് നിയമസഭയ്ക്കു സമീപം തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരേ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ സ്പീക്കറുടെ കോലം കത്തിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.നുസൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ നിനോ അലക്‌സ്, ഷജീർ നേമം, മഹേഷ്, എസ്.പി.അരുൺ, വീണ എസ്.നായർ, വിപിൻ ലാൽ എന്നിവർ നേതൃത്വം നൽകി.