കോഴിക്കോട്: പാർട്ടിയിലേക്ക് തിരിച്ചുവരുന്ന വിഷയത്തിൽ മുസ്‌ലിംലീഗ് നേതൃത്വം ചർച്ചനടത്തിയെന്ന അവകാശവാദവുമായി കൊടുവള്ളി എം.എൽ.എ. കാരാട്ട് റസാഖ്. കോഴിക്കോട്ടെ ഒരു കോൺഗ്രസ്‌ നേതാവാണ് മുൻകൈയെടുത്തത്. രണ്ടാഴ്ചമുന്പ് കോഴിക്കോട്ടുള്ള ഒരു വീട്ടിൽനടന്ന ചർച്ചയിൽ മലപ്പുറത്തുനിന്നുള്ള ലീഗ് സംസ്ഥാനനേതാക്കളും പങ്കെടുത്തു.

മടങ്ങിവരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വികസനകാര്യങ്ങളിലുംമറ്റും എൽ.ഡി.എഫിന്റെ നല്ല പിന്തുണയും സഹായവും നിലവിൽ ലഭിക്കുന്നുണ്ട്. അതിനാൽ തിരിച്ചുപോക്ക് ഇപ്പോൾ സാധ്യമല്ലെന്നാണ് മറുപടിനൽകിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കാരാട്ട് റസാഖുമായി ചർച്ചനടത്തിയിട്ടില്ലെന്നും പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പ്രതികരിച്ചു.