പത്തനംതിട്ട: കോന്നിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി റോബിൻ പീറ്ററിനെ മത്സരിപ്പിച്ചാൽ വിജയസാധ്യതയുണ്ടെന്ന അടൂർ പ്രകാശ് എം.പി.യുടെ പരമാർശത്തെച്ചൊല്ലി കോൺഗ്രസിൽ വൻവിവാദം. അടൂർ പ്രകാശിനെതിരേ കടുത്ത വിമർശവുമായി പാർട്ടിയിൽ ഒരുവിഭാഗം രംഗത്തെത്തി. നിലവിൽ ജില്ലാപഞ്ചായത്തംഗമാണ് റോബിൻ പീറ്റർ.

എം.പി.യുടെ പരാമർശം അച്ചടക്കലംഘനമാണെന്ന് ഡി.സി.സി. ജനറൽസെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. എ.ഐ.സി.സി. നേതൃത്വത്തിനു പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കിയാൽ, ഉപതിരഞ്ഞെടുപ്പിൽ പാർട്ടിസ്ഥാനാർഥിയെ തോൽപ്പിച്ചവർക്കുള്ള അംഗീകാരമാകുമെന്നും നേതാക്കളിൽ ചിലർ കുറ്റപ്പെടുത്തുന്നു. കാലുവാരലിലൂടെയാണ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പി. മോഹൻരാജ് കോന്നിയിൽ പരാജയപ്പെട്ടതെന്നാണ് ഡി.സി.സി. ജനറൽ സെക്രട്ടറി എം.എസ്. പ്രകാശിന്റെ ആരോപണം.

ആരോപണങ്ങളോട് തത്‌കാലം പ്രതികരിക്കാനില്ലെന്ന് അടൂർ പ്രകാശ് വിശദീകരിച്ചു. എന്നാൽ യാഥാർഥ്യം മനസ്സിലാക്കാത്ത ചില നേതാക്കളാണ് അടൂർ പ്രകാശിനെതിരേ പ്രസ്താവനകളിറക്കുന്നതെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ് കുറ്റപ്പെടുത്തി.