കാസർകോട്: കാസർകോട് നിയോജക മണ്ഡലത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.യെ വീണ്ടും മത്സരിപ്പിക്കാൻ ജില്ലയിലെ മുസ്‌ലിം ലീഗ് നേതൃയോഗത്തിൽ ധാരണ. മഞ്ചേശ്വരത്തേക്ക് രണ്ട് പേരെയാണ് പരിഗണിക്കുന്നത്. മുൻ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ.കെ.എം. അഷറഫ്, അന്തരിച്ച മുൻ മഞ്ചേശ്വരം എം.എൽ.എ. പി.ബി. അബ്ദുൾ റസാഖിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ പി.ബി. ഷെരിഫ് എന്നിവരുടെ പേരുകളാണ് സംസ്ഥാന സമിതിക്ക് കൈമാറിയിരിക്കുന്നത്. അതിൽ എ.കെ.എം. അഷറഫിനാണ് മുൻതൂക്കം.

യു.ഡി.എഫ്. ഭരണം തിരിച്ചുപിടിക്കുകയാണെങ്കിൽ എൻ.എ. നെല്ലിക്കുന്നിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന കണക്കുകൂട്ടലും അദ്ദേഹം മണ്ഡലത്തിലും പാർട്ടിയിലും ഉണ്ടാക്കിയ സ്വീകാര്യതയുമാണ് തീരുമാനത്തിന് പിന്നിൽ. ജയസാധ്യത പരിശോധിച്ച് മൂന്നുതവണവരെ മത്സരിക്കാമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാടും നെല്ലിക്കുന്നിന് അനുകൂലമായി. ലീഗ് ജില്ലാ പ്രസിഡന്റും മുൻ കാസർകോട് നഗരസഭാ ചെയർമാനുമായ ടി.ഇ. അബ്ദുള്ള, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി എന്നിവരുടെ പേരുകൾ കാസർകോട്ടേക്കേ് പരിഗണിച്ചിരുന്നെങ്കിലും നെല്ലിക്കുന്നിനെ വീണ്ടും ഇറക്കാനുള്ള തീരുമാനത്തോടെ അതെല്ലാം അപ്രസക്തമാവുകയായിരുന്നു.

മഞ്ചേശ്വരം ഉപതിഞ്ഞെടുപ്പ് സമയത്തും മണ്ഡലത്തിൽ നിന്ന് ഉയർന്നുകേട്ട പേര് എ.കെ.എം. അഷറഫിന്റെതായിരുന്നു. അദ്ദേഹത്തെ മാറ്റി അന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ്. ജില്ലാ ചെയർമാനുമായിരുന്ന എം.സി. കമറുദ്ദീന് ടിക്കറ്റ് നൽകിയതിനെതിരേ പ്രതിഷേധം ഉയർന്നിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് തണുപ്പിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ടിലേറെയായി മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണ് മഞ്ചേശ്വരത്തെ പ്രതിനിധീകരിക്കുന്നതെന്ന പ്രാദേശിക നേതാക്കളുടെ വാദം ഇക്കുറി അഷറഫിന്റെ സ്ഥാനാർഥിത്വം എളുപ്പമാക്കുമെന്നാണ് കണക്കുകൂട്ടലുകൾ.

സ്ഥാനാർഥികളെ തീരുമാനിക്കുന്നതിന് മുന്നോടിയായി മുസ്‌ലിം ലീഗ് മൂന്ന് സർവേകൾ നടത്തിയിട്ടുണ്ട്. ഓരോരുത്തരുടെയും ജയസാധ്യത പഠിച്ച് അവർ സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് കൈമാറിക്കഴിഞ്ഞു.