: ഐക്യകേരള നിയമസഭയുടെ ചരിത്രത്തിൽ എതിരില്ലാതെ ജയിച്ച് എം.എൽ.എ.യായ ഒരാളേയുള്ളൂ. ഒന്നാം കേരളനിയമസഭയിൽ മഞ്ചേശ്വരത്തെ എം. ഉമേഷ് റാവു. സ്വാതന്ത്യ്രസമരസേനാനിയും തെക്കൻ കനറ ജില്ലാ കോൺഗ്രസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. സ്വതന്ത്രനായാണ് ജയിച്ചത്. എന്നാൽ സർവതന്ത്ര സ്വതന്ത്രനായിരുന്നില്ല. കാസർകോട് താലൂക്ക് ഐക്യകേരളത്തിന്റ ഭാഗമാക്കുന്നതിനെ നഖശിഖാന്തം എതിർത്ത കർണാടക പ്രാന്തീയ സമിതിയുടെ നേതാവായിരുന്നു. ആ പ്രശ്നത്തെത്തുടർന്ന് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതാണ്. ജനകീയ ഡോക്ടറും സി.പി.ഐ. നേതാവും പിൽക്കാലത്ത് മഞ്ചേശ്വരം എം.എൽ.എ.യും ആരോഗ്യമന്ത്രിയുമായിരുന്ന ഡോ. എ. സുബ്ബറാവു, യു.പി. അബ്ദുൾ ഖാദർ, അഹമ്മദ് ഹനി ഷെറീഫ് തുടങ്ങിയവരും പത്രിക നൽകിയിരുന്നു. എന്നാൽ അന്നത്തെ ആ മേഖലയിലെ ജനവികാരമനുസരിച്ച് പത്രിക പിൻവലിച്ചു.

തിരു-കൊച്ചി നിയമസഭയിൽ കെ.പി. നീലകണ്ഠപിള്ള (വാമനപുരം), ഒ.സി. നൈനാൻ (കല്ലൂപ്പാറ), ടി.ടി. കേശവൻ ശാസ്ത്രി (ചങ്ങനാശ്ശേരി- ദ്വയാംഗം), പി.ടി. തോമസ് (വിജയപുരം) എന്നിവർ എതിരില്ലാതെ ജയിച്ചവരാണ്.

പാസായ ഏക സ്വകാര്യ ബിൽ

ഒന്നാം കേരളനിയമസഭയിൽ പാസായ ഏക സ്വകാര്യബിൽ ഉമേഷ് റാവുവിന്റേതായിരുന്നു. അംഗങ്ങളുടെ ആനുകൂല്യവുമായി ബന്ധപ്പെട്ടതായിരുന്നു ആ ബിൽ.

ഭാഗ്യമില്ലാത്ത കുന്പള

മണ്ഡലമായിരുന്നെങ്കിലും ഒറ്റതിരഞ്ഞെടുപ്പിനുപോലും ഭാഗ്യമുണ്ടാകാത്ത മണ്ഡലമാണ് കാസർകോട്ടെ കുന്പള. മഞ്ചേശ്വരം മണ്ഡലത്തിലെ പ്രദേശങ്ങളുൾപ്പെടെ ആദ്യം കുമ്പള മണ്ഡലത്തിലായിരുന്നു. മദിരാശി സംസ്ഥാനത്തിലായിരുന്നു കുന്പള. 1954-ലാണ് രൂപംകൊണ്ടത്. 1956-ൽ മദിരാശി സംസ്ഥാനംതന്നെ ഇല്ലാതായി. തമിഴ്‌നാടും കേരളവും കർണാടകവുമെല്ലാം നിലവിൽവന്നു. ഒരുതിരഞ്ഞെടുപ്പുപോലുമില്ലാതെ ഈ മണ്ഡലവും ഇല്ലാതായി.