: ‘ശ്രീപെരുംപുത്തൂരിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടിരിക്കുന്നു’-1991 മേയ് 21-ന് രാത്രി പതിനൊന്നുമണിയോടെയായിരുന്നു ആ വാർത്ത പുറത്തുവന്നത്.

ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി മാറ്റിയെഴുതാൻ ആ ഒരൊറ്റ വാർത്തമാത്രം മതിയായിരുന്നു. ഒരു തുടർഭരണത്തിന്റെ വക്കിലായിരുന്നു നായനാർ സർക്കാർ. അതുറപ്പിച്ച് മന്ത്രിസഭ ഒരുവർഷം നേരത്തേ പിരിച്ചുവിട്ടു. വിധിയെഴുത്തിലേക്ക് വെറും 36 മണിക്കൂർ ദൂരംമാത്രം. അപ്പോഴാണ് രാജീവ് ഗാന്ധിയുടെ കൊലപാതകം. മേയ് 23-ന് നടക്കേണ്ട തിരഞ്ഞെടുപ്പ് ജൂൺ 18-ലേക്ക് നീട്ടി. രാജീവിന്റെ മരണത്തിൽ രാജ്യമെന്പാടുമുണ്ടായ സഹതാപതരംഗം കേരളത്തിലും ആഞ്ഞടിച്ചു. ഇടതുമുന്നണിയുടെ തുടർഭരണ മോഹങ്ങൾ പൊലിഞ്ഞു. 90 സീറ്റുമായി കെ. കരുണാകരൻ സർക്കാർ അധികാരത്തിൽ.

ഒരൊറ്റ സംഭവം തിരഞ്ഞെടുപ്പിന്റെ തലവരതന്നെ മാറ്റിയെഴുതിയിട്ടുള്ള എത്രയോ അനുഭവങ്ങൾ?

വിമോചനസമരം

തെക്കുതെക്കൊരു ദേശത്ത്

അലമാലകളുടെ തീരത്ത്

ഭർത്താവില്ലാ നേരത്ത്

ഫ്ളോറിയെന്നൊരു ഗർഭിണിയെ

വെടിവെച്ചുകൊന്ന സർക്കാരേ,

പകരം ഞങ്ങൾ ചോദിക്കും

1959-ൽ വിമോചനസമരകാലത്ത് അലയടിച്ച ഈ മുദ്രാവാക്യം ഒരു വർഷത്തിനുശേഷം നടന്ന രണ്ടാംനിയമസഭാ തിരഞ്ഞൈടുപ്പിലും അണയാതെനിന്നു. 28 മാസം മാത്രമായ ഇ.എം.എസ്. സർക്കാരിനെ പിരിച്ചുവിട്ടതിനെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പ്. സ്വഭാവികമായും നിർണായകമായത് വിമോചനസമരം. വിമോചനസമരകാലത്ത് ഒരുമിച്ച കോൺഗ്രസ്, പി.എസ്.പി., ആർ.എസ്.പി., കെ.എസ്.പി. തുടങ്ങിയ കക്ഷികളെല്ലാം ഒറ്റക്കെട്ടായിനിന്നു. ആദ്യതിരഞ്ഞെടുപ്പിൽ കേരളം ഇടതുപക്ഷത്തേക്ക് ചാഞ്ഞപ്പോൾ വിമോചനസമരാനന്തരം ചായ്‌വ് വലത്തോട്ടായി.

പിളർപ്പ്, മരവിപ്പ്

രണ്ടു പിളർപ്പുകൾ അജൻഡ നിശ്ചയിച്ച തിരഞ്ഞെടുപ്പായിരുന്നു 1965-ലേത്. കോൺഗ്രസിൽനിന്ന് പിളർന്ന് കേരള കോൺഗ്രസ് രൂപംകൊണ്ടു. സി.പി.ഐ.യിൽനിന്ന് വേർപെട്ട് സി.പി.എമ്മും. രണ്ടും സംഭവിച്ചത് 1964-ൽ. പിറ്റേവർഷം മാർച്ച് നാലിനായിരുന്നു തിരഞ്ഞെടുപ്പ്. ഇന്ന് ബദ്ധവൈരികളായ സി.പി.എമ്മും മുസ്‌ലിം ലീഗും ഒരുമുന്നണിയിൽ. ഒപ്പം എസ്.എസ്.പിയും. കോൺഗ്രസ് ഒറ്റയ്ക്ക്. സി.പി.ഐ., കേരള കോൺഗ്രസ്, ആർ.എസ്.പി. എന്നിവർ ഒരുമിച്ചു.

പിളർപ്പിന്റെ ശരിതെറ്റുകളായിരുന്നു പ്രധാന പ്രചാരണവിഷയം. ആർക്കും ഭൂരിപക്ഷം നൽകാതെ ജനംവിധിച്ചു. 712 ദിവസം നീണ്ട രാഷ്ട്രപതിഭരണത്തിലായി കേരളം.

ഒരു ബസിന്റെ പേരിൽ

ഒരു ബസ് സർവീസിനെച്ചൊല്ലിയുണ്ടായ ചെറിയൊരു തർക്കം. അത് ആളിപ്പടർന്നതോടെ ഒരു മുന്നണിയുടെ അധികാരത്തിലേക്കുള്ള വഴിതന്നെയടഞ്ഞു.

1986 ഒക്ടോബർ 21-ന് ഇടുക്കിയിലെ കട്ടപ്പന-തങ്കമണി റൂട്ടിലോടുന്ന ബസിൽ സംഭവങ്ങളുടെ തുടക്കം. തങ്കമണി ജങ്ഷനിലെത്താതെ ഒരു കിലോമീറ്റർ അപ്പുറം സർവീസ് അവസാനിപ്പിക്കുന്നതിനെച്ചൊല്ലി ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായി. വിദ്യാർഥികൾക്കൊപ്പം നാട്ടുകാരുംകൂടി. ബസ്സുടമയ്ക്കൊപ്പം പോലീസും. ജനക്കൂട്ടത്തിനുനേരെ ലാത്തിച്ചാർജ്, പിന്നെ വെടിവെപ്പും. ഒരാൾ തത്‌ക്ഷണംമരിച്ചു. രാത്രിയോടെ പ്രദേശത്തെ വീടുകളിൽ പോലീസ് നരനായാട്ട് ആരംഭിച്ചു. വീട്ടിൽ തനിച്ചായ സ്ത്രീകളെ പോലീസ് കൂട്ടബലാത്സംഗമത്തിനിരയാക്കിയെന്ന് ആരോപണമുയർന്നു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന സംഭവം അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് വലിയ മങ്ങലേൽപ്പിച്ചു. 87-ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നേറ്റത്തിന് ഇത് വഴിയൊരുക്കി.

ചാരത്തിൽ ആവിയായ ചാരായം

തുടക്കം ചാരക്കേസ്. അതിന്റെ കെടുതി മറികടക്കാൻ ചാരായനിരോധനം. പക്ഷേ, 1996-ൽ തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ ചാരക്കേസിനുമുന്നിൽ ചാരായം ആവിയായെന്ന് വ്യക്തമായി.

1994 സെപ്റ്റംബറിൽ മാലദ്വീപ് സ്വദേശി മറിയം റഷീദയുടെ അറസ്റ്റോടെയായിരുന്നു ഐ.എസ്.ആർ.ഒ. ചാരക്കേസിന്റെ തുടക്കം. കോൺഗ്രസിൽ കെ. കരുണാകരനെതിരേയുള്ള കരുനീക്കമായി ഇതുമാറി. തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രമുള്ളപ്പോൾ കരുണാകരന് രാജിവെച്ചൊഴിയേണ്ടിവന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചാരായനിരോധനം നടപ്പാക്കിയെങ്കിലും ചാരക്കേസുയർത്തിയ പുക മറികടക്കാനുള്ള ശേഷി അതിനുണ്ടായിരുന്നില്ല.

ഐസ്‌ക്രീമിൽ അലിഞ്ഞ്, സോളാറിൽ ഉരുകി

2006-ൽ ഐസ്‌ക്രീമിൽ അലിഞ്ഞു, 2016-ൽ സോളാറിൽ ഉരുകി. കഴിഞ്ഞ രണ്ടു യു.ഡി.എഫ്. സർക്കാരിന്റെ പതനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. 2006-ൽ ഐസ്‌ക്രീം പാർലർ പീഡനക്കേസ് ഉൾപ്പെടെയുള്ള ആരോപണങ്ങളായിരുന്നു തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച പ്രധാനഘടകം. ഇത്തരം ആരോപണങ്ങളെത്തുടർന്ന് ആന്റണി സർക്കാരിന് ഭരണത്തിന് ഒരുവർഷം മാത്രമുള്ളപ്പോൾ രാജിവെക്കേണ്ടിവന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി മന്ത്രിസഭ അഴിച്ചുപണിതു. എങ്കിലും ഇടതുപ്രചാരണം മറികടക്കാനായില്ല. സോളാർ കേസായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സാധ്യതകളെ വലിയൊരാളവുവരെ ഇല്ലാതാക്കിയത്. അതിന്റെ അലകൾ ഇനിയും അടങ്ങിയിട്ടില്ല.