കൊച്ചി: കോവിഡ് വീണ്ടും പിടിമുറുക്കുമ്പോൾ ഭീതിയിലാണ് അതിഥിത്തൊഴിലാളികൾ. മുൻവർഷത്തെ അനുഭവത്തിന്റെ ഓർമയിൽ പലരും നാടുകളിലേക്ക് മടങ്ങുകയാണിപ്പോൾ. തീവണ്ടികൾ കുറവായതിനാൽ ദീർഘദൂര ബസുകളാണ്‌ പലരുമാശ്രയിക്കുന്നത്. പലയിടത്തും തൊഴിലാളിക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. വീണ്ടും ലോക്‌ഡൗൺ വരുമോയെന്നാണ് ഇവരുടെ പേടി. പരിഭ്രാന്തരാവാതിരിക്കാൻ ദേശീയ ആരോഗ്യദൗത്യം അതിഥി തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്തുന്നുണ്ട്. അതേസമയം, ദിവസവേതനക്കാർക്ക് തൊഴിൽ കുറഞ്ഞു. ജങ്‌ഷനുകളിലും മറ്റും തൊഴിൽതേടി നിൽക്കുന്നവരെ ആരും ജോലിക്ക് വിളിക്കുന്നില്ല. കോവിഡ് ഭീതിതന്നെ കാരണം.

പരിഭ്രാന്തി പരത്താൻ ശ്രമം

അതിഥിത്തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി പരത്താൻ ശ്രമം നടക്കുന്നുണ്ട്. കോവിഡ് സാഹചര്യം രൂക്ഷമാകുകയാണെന്നും എത്രയുംവേഗം നാട്ടിലേക്ക് മടങ്ങുകയാണ് നല്ലതെന്നുമുള്ള രീതിയിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്.

ദേശീയ ആരോഗ്യദൗത്യത്തിന്റെ ബോധവത്കരണം

കോവിഡിനെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നടപടികൾക്കൊപ്പം തൊഴിൽമേഖലയിൽ തുടരാനുള്ള ആത്മവിശ്വാസം വളർത്താൻ കൂടിയുദ്ദേശിച്ചാണ് ദേശീയ ആരോഗ്യദൗത്യത്തിന്റെ ബോധവത്കരണം. സുരക്ഷിതമായ തൊഴിൽ സാഹചര്യമൊരുക്കാൻ ആവശ്യമായതെല്ലാം സംസ്ഥാനസർക്കാർ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യത്തോടെ തൊഴിൽമേഖലയിൽ തുടരേണ്ടത് രാജ്യത്തിന്റെകൂടി ആവശ്യമാണെന്നും ദേശീയ ആരോഗ്യദൗത്യത്തിന്റെ സന്ദേശത്തിൽ പറയുന്നു.

ആത്മവിശ്വാസം നൽകുകയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ വേണ്ടതെന്ന് അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലുസീവ് ഡെവലപ്പ്‌മെന്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ പറഞ്ഞു.