തിരുവനന്തപുരം: നിയമന ഉത്തരവ് കിട്ടിയിട്ടും ജോലിക്ക് ചേരാനാവാതെ ദുരിതത്തിലായ രണ്ടായിരത്തോളം അധ്യാപകർക്ക് കോവിഡിന്റെ രണ്ടാംവരവും ഭീഷണിയാകുന്നു. കഴിഞ്ഞവർഷം സ്കൂളുകൾ തുറക്കാത്തതിനാൽ ഇവർക്ക് ജോലിയിൽ പ്രവേശിക്കാനായിരുന്നില്ല. ഒരുവർഷമായി ജോലിയും ശമ്പളവുമില്ലാതെ പുറത്തുനിൽക്കുകയാണിവർ. ജൂണിൽ സ്കൂൾതുറക്കുമ്പോൾ ജോലിക്ക് കയറാമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ, കോവിഡ് വ്യാപനം ശക്തമായതോടെ ഈ പ്രതീക്ഷയ്ക്കും മങ്ങലേറ്റു. എയ്ഡഡ് മേഖലയിലും നിയമനം തടസ്സപ്പെട്ടിരിക്കുകയാണ്.

ആയിരത്തിയഞ്ഞൂറോളംപേർക്ക് പ്രൈമറി വിഭാഗത്തിലും അഞ്ഞൂറുപേർക്ക് ഹൈസ്കൂൾ-ഹയർസെക്കൻഡറി വിഭാഗത്തിലുമാണ് ജോലിനൽകേണ്ടത്. 2020-21 വിദ്യാഭ്യാസവർഷത്തിന്റെ തുടക്കത്തിൽ നിയമനശുപാർശ കിട്ടിയവരാണ് ഇവരിൽ ഭൂരിഭാഗവും. കഴിഞ്ഞ ഡിസംബറിലാണ് സർക്കാർ ഇവർക്ക് നിയമന ഉത്തരവ് നൽകിയത്. സ്കൂൾ തുറക്കുന്ന മുറയ്ക്ക് ജോലിയിൽ പ്രവേശിക്കാമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്.

കുട്ടികളുടെ എണ്ണമെടുത്ത് തസ്തികനിർണയം നടത്താത്തതിനാൽ അധ്യാപകരുടെ പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാർച്ച് 31-ന് വിരമിച്ചവരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും നടപടിയായിട്ടില്ല. 2021 കലണ്ടർ വർഷം വളരെ കുറഞ്ഞ ഒഴിവുകളാണ് സ്കൂളുകളിൽനിന്ന് റിപ്പോർട്ട് ചെയ്തത്. പുതിയ വിദ്യാഭ്യാസവർഷവും സ്കൂളുകൾ തുറക്കാതായാൽ അധ്യാപകനിയമനം പൂർണമായി തടസ്സപ്പെടും.

പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപക സ്ഥാനക്കയറ്റവും കഴിഞ്ഞവർഷം തടസ്സപ്പെട്ടിരുന്നു. യോഗ്യത സംബന്ധിച്ച് കോടതിയിൽ കേസുള്ളതിനാലാണിത്. 956 പ്രൈമറി സ്കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാതെ ഒരു വിദ്യാഭ്യാസവർഷം കടന്നുപോയത്. ഈ മാർച്ചിലെ വിരമിക്കൽ കൂടിയാകുമ്പോൾ ഇത് ആയിരത്തിയഞ്ഞൂറിന് മുകളിലാകും. സ്ഥാനക്കയറ്റം മുടങ്ങിയതോടെ ഇത്രയും പുതിയ നിയമനങ്ങളും പ്രൈമറി സ്കൂളുകളിൽ തടസ്സപ്പെടും.

നിലവിലെ റാങ്ക്പട്ടികയിൽനിന്നുള്ള അധ്യാപക നിയമനം

എൽ.പി. വിഭാഗം

  • 2020 ഡിസംബർ വരെ 5653
  • 2021 മാർച്ച് 31 വരെ 207
  • ആകെ 5860

യു.പി. വിഭാഗം

  • 2020 ഡിസംബർ വരെ 2998
  • 2021 മാർച്ച് 31 വരെ 56
  • ആകെ 3054