തിരുവനന്തപുരം: ഭരണം നിർവഹിക്കുമ്പോൾ പ്രയോഗിക്കുന്ന ബൗദ്ധികത ധർമ്മത്തിൽ അടിയുറച്ചതാകണം എന്ന മഹാഭാരതവാക്യം ഉദ്ധരിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണകർത്താവിന്റെ മനസ്സ് എല്ലാവരെയും ഉൾക്കൊള്ളുന്നതാകണം എന്നാലേ സദ്ഭരണം സൃഷ്ടിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സിവിൽ സർവീസ് ദിനാചരണത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു ഗവർണർ.

സർക്കാരിനെ നയിക്കുന്ന നേതാക്കളും ദ്വാരപാലകന്മാരും തമ്മിലുള്ള വ്യത്യാസം സ്ഥാനപ്പേരിന്റെയും ധരിക്കുന്ന യൂണിഫോമിന്റെയും മാത്രമാണ്. കർമ്മം വെവ്വേറെയാണെങ്കിലും അവരുടെ ധർമ്മം ജനസേവനമാണ്. 1977 മുതൽ നിയമസഭാംഗമായും എം.പി.യായും മന്ത്രിയായും ഗവർണറായും പ്രവർത്തിക്കാൻ സാധിച്ച തനിക്ക് കേരളത്തിൽ ഭരണകൂടം സാധാരണ പുലർത്തുന്ന മനുഷ്യത്വപരമായ സമീപനത്തിലും അവശ്യസമയത്ത് ദരിദ്രരെ സഹായിക്കാൻ ഇടപെടുന്നതും എന്നും പ്രചോദനമാണെന്നും ഗവർണർ പറഞ്ഞു.

സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് അദ്ധ്യക്ഷനായി. വനസംരക്ഷണ മേധാവി പി.കെ.കേശവൻ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സംസ്ഥാന ഐ.എ.എസ്. അസോസിയേഷൻ പ്രസിഡൻറ് ഡോ. ബി.അശോക്, സെക്രട്ടറി എം.ജി.രാജമാണിക്യം എന്നിവർ സംസാരിച്ചു.

1947ൽ മെറ്റ്കാഫ് ഹൗസിൽ സിവിൽ സർവീസ് പരിശീലനം ഉദ്ഘാടനംചെയ്ത വേളയിൽ സർദാർ വല്ലഭായ് പട്ടേൽ നടത്തിയ പ്രസംഗം അനുസ്മരിച്ചുള്ളതാണ് സിവിൽ സർവീസ് ദിനാചരണം.