തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കാൻ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. കെ. സഞ്ജയ് കുമാറിന്റെ കീഴിൽ പ്രത്യേക സംഘം രൂപവത്കരിച്ചു. രോഗവ്യാപനമുള്ള സ്ഥലങ്ങളിലും തമിഴ്‌നാടുമായി അതിർത്തി പങ്കുവെക്കുന്ന പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ ഡിവൈ.എസ്.പി.മാർക്ക് ഡി.ഐ.ജി. നിർദേശം നൽകി.

കോവിഡ് വ്യാപനം തടയാൻ എല്ലാ പോലീസ് സ്റ്റേഷനിലും പോലീസ് ഓഫീസർമാരുടെ സേവനം ഉറപ്പാക്കും. സ്റ്റേഷൻ പരിധിയിലെ എല്ലാ സ്ഥലത്തും പോലീസിന്റെ നിരീക്ഷണം എത്തുന്നുവെന്ന് ഉറപ്പാക്കാൻ വിവിധ സംഘങ്ങൾ രൂപവത്കരിക്കും.

തിരക്കേറിയ സ്ഥലങ്ങളിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കു കീഴിലും ഡി.സി.ആർ.ബി., ക്രൈംബ്രാഞ്ച് മുതലായ യൂണിറ്റുകളിൽനിന്നുള്ള ഓഫീസർമാരെക്കൂടി ഉൾപ്പെടുത്തി ടീമുകൾ രൂപവത്കരിക്കും.

കൂടുതൽ നിയമലംഘനം നടക്കുന്ന പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കും, പിഴ ചുമത്തും. നിയന്ത്രണങ്ങൾ നടപ്പാക്കാൻ മാർക്കറ്റ് മോണിറ്ററിങ് കമ്മിറ്റിയുടെ സഹായം തേടും. സംസ്ഥാന അതിർത്തികളിൽ ശക്തമായ പരിശോധന നടത്തും. നിരീക്ഷണത്തിനായി ഡ്രോൺ, സി.സി.ടി.വി. എന്നിവ ഉപയോഗപ്പെടുത്തും. ജില്ലാ പോലീസ് മേധാവിമാർ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തും.

ഒരു കൺട്രോൾ റൂമിൽ ഒരു എസ്.ഐ. അല്ലെങ്കിൽ ഏതെങ്കിലും ഓഫീസറുടെ സേവനം ഉറപ്പാക്കും. ഓരോ രണ്ടു മണിക്കൂറിലും സ്ഥിതിഗതികൾ വിലയിരുത്തും. നിയമലംഘനം കൂടിയാൽ ആ സ്ഥലങ്ങളിൽ എസ്.എച്ച്.ഒ.മാരുടെ സേവനം ഉറപ്പാക്കും. സ്പെഷ്യൽ ബ്രാഞ്ചിലെ ഡിവൈ.എസ്.പി., എ.സി.മാരുടെ സേവനം പരിശോധനയിൽ ഉറപ്പാക്കും. എൻഫോഴ്സ്‌മെന്റ് മോശമായ മേഖലകളിൽ ഡി.ഐ.ജി. തലത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കും.

ജനങ്ങളെ മനഃപൂർവം ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കും. പോലീസിന്റെ മോശം പെരുമാറ്റം അനുവദിക്കില്ല. സുരക്ഷാ പ്രോട്ടോകോൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുകയെന്നതാണ് പരിശോധനയുടെ ലക്ഷ്യം. പിഴയോ ശിക്ഷയോ ഉദ്ദേശ്യമല്ലെന്നും സഞ്ജയ് കുമാർ പറഞ്ഞു.