നിലമ്പൂർ: മമ്പാട്ട് വ്യവസായിയെയും കുടുംബത്തെയും വീടിന് തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയുമായി നിലമ്പൂർ പോലീസ് തെളിവെടുപ്പ് നടത്തി. കൊല്ലം ചന്ദനത്തോപ്പ് അമൃത ഭവനിൽ മുരുകേശ് നരേന്ദ്രന്റെ വീട്ടിലാണ് പ്രതി ഷബീർ റുഷ്ദുമായി പോലീസ് എത്തിയത്.

2020 ഡിസംബർ 14-നാണ് കേസിനാസ്പദമായ സംഭവം. മമ്പാട് സ്വദേശിയും വ്യവസായിയുമായ എ.കെ. സിദ്ദിഖിനെയും കുടുംബത്തെയുമാണ് പ്രതികൾ വീടിന് തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കുട്ടികളടക്കം പത്തോളം കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കവെ വീട്ടിൽ പടർന്നുപിടിച്ച തീ നാട്ടുകാരും യാത്രക്കാരും അണച്ചതുമൂലം ദുരന്തം ഒഴിവാകുകയായിരുന്നു. 10 ലക്ഷം രൂപ വിലവരുന്ന രണ്ടു കാറുകൾ പൂർണമായും കത്തിനശിച്ചു.

എ.കെ. സിദ്ദീഖുമായി വിരോധമുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പ്രതികളിൽ മൂന്നുപേർ പി.വി. അൻവർ എം.എൽ.എ. കൈയേറി എന്ന് ആരോപണമുള്ള റീഗൾ എസ്റ്റേറ്റിന്റെ ഓഹരി ഉടമകളാണ്. തോട്ടത്തിന്റെ ഓഹരി കൈവശമുള്ള മമ്പാട് സ്വദേശിയായ എ.കെ. സിദ്ദീഖിനോട് മറ്റൊരു ഓഹരിഉടമയായ കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി ജയ മുരുകേശനും ഭർത്താവ് മുരുകേശ് നരേന്ദ്രനും തോന്നിയ വിരോധമാണ് ക്വട്ടേഷൻസംഘത്തെ ഉപയോഗിച്ച് കൃത്യം നടത്തുന്നതിലേക്ക് നയിച്ചത്.

കേസിൽ ഒന്നാംപ്രതിയും നിലമ്പൂർ പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ അടക്കം നിരവധി കേസിൽ പ്രതിയുമായ ഷബീർ റുഷ്ദ് ഈ മാസം 16-ന് ഒളിവിൽ കഴിഞ്ഞുവരവെ കൊച്ചിയിൽ അറസ്റ്റിലാവുകയായിരുന്നു. കൂട്ടുപ്രതികളായ ജയ മുരുകേശ്, മുരുകേശ് നരേന്ദ്രൻ, മകൻ കേശവ്, ഇവരുടെ മാനേജർ അനിൽപ്രസാദ് എന്നിവർ ഹൈക്കോടതിയിൽനിന്ന് ജാമ്യംനേടി കഴിഞ്ഞദിവസം നിലമ്പൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. മുരുകേശ് നരേന്ദ്രൻ, അനിൽ പ്രസാദ് എന്നിവർ പി.വി. അൻവർ എം.എൽ.എക്കെതിരേ നടന്ന വധശ്രമക്കേസിലും പ്രതികളാണ്.

മുരുകേഷ് നരേന്ദ്രൻ തനിക്ക് ക്വട്ടേഷൻ തരികയായിരുന്നു എന്നും പ്രതിഫലം കൈമാറിയത് കൊല്ലം ചന്ദനത്തോപ്പിലെ വീട്ടിൽ വെച്ചാണെന്നുമുള്ള ഷബീർ റുഷ്ദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കൊല്ലത്ത് തെളിവെടുപ്പിന് എത്തിയത്.