കോട്ടയം: സഭാ കേസുകളിൽ സുപ്രീംകോടതിയുടെ അന്തിമവിധി നടപ്പാക്കാനുള്ള കാലതാമസത്തെ വിമർശിച്ച ഹൈക്കോടതി പരാമർശം സംസ്ഥാന സർക്കാരിന്റെ കണ്ണ് തുറപ്പിക്കുമെന്ന് കരുതുന്നതായി മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. സുപ്രീംകോടതി വിധി രാജ്യത്തിന്റെ നിയമമാണ്. രാജ്യത്തിന്റെ നിയമങ്ങൾ നടപ്പാക്കാൻ സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ക്രമസമാധാനത്തിന്റെ പേരിൽ കോടതി ഉത്തരവുകൾ നടപ്പാക്കാതെയിരുന്നാൽ അത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയായേ കരുതാനാകൂ. വിധിനടപ്പാക്കാൻ താമസിപ്പിക്കുമ്പോഴാണ് ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകുന്നത്. നീതി നിഷേധത്തിന് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കില്ലെന്ന് കരുതുന്നെന്നും അദ്ദേഹം പറഞ്ഞു.