തിരുവനന്തപുരം: മതസൗഹാർദം കാത്തുസൂക്ഷിക്കാനും മത-സാമുദായിക സ്പർധ ഇല്ലാതാക്കാനും പ്രാദേശികതലംവരെ കൂട്ടായ്മയുണ്ടാക്കാൻ മതനേതാക്കൾ പങ്കെടുത്ത ചർച്ചയിൽ തീരുമാനം. മറ്റുവിഭാഗങ്ങൾക്ക് മുറിവേൽക്കാതിരിക്കാനുള്ള കരുതൽ മത-ആത്മീയ മേഖലയിൽ പ്രവർത്തിക്കുന്നവർ പുലർത്തണമെന്ന് ചർച്ച വിളിച്ചുചേർത്ത കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

പാലാ ബിഷപ്പിന്റെ ‘ജിഹാദ്’ പരാമർശത്തിനുപിന്നാലെ സമൂഹത്തിൽ മത-സാമുദായിക ധ്രുവീകരണം ഉണ്ടായതോടെയാണ് കാതോലിക്കാ ബാവ യോഗം വിളിച്ചത്. പാലാ ബിഷപ്പ് ഉൾപ്പെടുന്ന സിറോ മലബാർ സഭയിൽനിന്ന് യോഗത്തിൽ ആരും പങ്കെടുത്തില്ല. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും എത്തിയില്ല. ആരുടെയെങ്കിലും അസാന്നിധ്യമല്ല, കിലോമീറ്ററുകൾക്കപ്പുറത്തുനിന്ന് മുനവ്വറലി ശിഹാബ് തങ്ങളെപ്പോലുള്ളവർ എത്തിയതാണ് പ്രധാനമെന്ന് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

സമൂഹത്തിൽ സൗഹാർദവും സമാധാനവും നിലനിൽക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കുന്നതിനെ സ്വാഗതംചെയ്യും. പാലാ ബിഷപ്പിന്റെ പ്രസ്താവന യോഗത്തിൽ ചർച്ചചെയ്തില്ല. അതിനപ്പുറം സമാധാനമുണ്ടാക്കേണ്ട കാര്യങ്ങളാണ് എല്ലാവരും ചർച്ചചെയ്തത്. ‘നർക്കോട്ടിക് ജിഹാദ്’ പരാമർശത്തിൽ എന്താണ് നിലപാട് എന്ന ചോദ്യത്തിന് മയക്കുമരുന്നിനെ മയക്കുമരുന്ന് എന്നുപറയുന്നതാണ് നല്ലതെന്ന് കാതോലിക്ക ബാവ പറഞ്ഞു.

അസ്വാരസ്യങ്ങളില്ലാതാക്കാനുള്ള ചർച്ചയാണ് നടന്നതെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ ചർച്ചയെ ലീഗ് സ്വാഗതം ചെയ്യുകയും സമസ്ത പിന്തുണയറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമികചർച്ച മാത്രമാണ് ഇവിടെ നടന്നതെന്നും വിട്ടുനിന്നവരെല്ലാം വിയോജിപ്പുള്ളവരായി കരുതരുതെന്നും കോഴിക്കോട് പാളയം ഇമാം ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.

സൗഹാർദമുണ്ടാക്കാനുള്ള ഒത്തുചേരലാണ് ഇവിടെയുണ്ടായതെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. വിയോജിപ്പുള്ളവരുണ്ട്. വിയോജിക്കാൻ അവർക്ക് കാരണങ്ങളുമുണ്ട്. അവരോടെല്ലാം ചർച്ചനടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.

ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ബിഷപ്പ് ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ബിഷപ്പ് മാത്യൂസ് മാർ അന്തിമോസ്, തിരുവനന്തപുരം പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി സൂക്ഷ്മാനന്ദ, ആർച്ച് ബിഷപ്പ് എം. സൂസപാക്യം, സ്വാമി അശ്വതി തിരുനാൾ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.