തിരുവനന്തപുരം: കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും വികാസത്തിനും പ്രത്യേക ശ്രദ്ധ നൽകുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഗർഭാവസ്ഥയിലായിരിക്കുമ്പോൾ മുതൽ കുട്ടിക്ക്‌ രണ്ടുവയസ്സ് തികയുന്നതുവരെയുള്ള ആദ്യ 1000 ദിനങ്ങൾ അതി പ്രാധാന്യമുള്ളതാണെന്നും ഇതിനായുള്ള പദ്ധതിക്ക് 2,18,40,000 രൂപയുടെ ഭരണാനുമതി നൽകിയതായും മന്ത്രി വീണാ ജോർജ് അറിയിച്ചു.

11 ഐ.സി.ഡി.എസ്. പ്രോജക്ടുകളിലുണ്ടായിരുന്ന പരിപാടി 28 പ്രോജക്ടുകളിലേക്കാണ് വ്യാപിപ്പിക്കുന്നത്. ഉദ്ഘാടനം 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പഞ്ചായത്ത് അടിസ്ഥാനത്തിൽ മൂന്നുമാസത്തിലൊരിക്കൽ ഗർഭിണികൾക്കായി മെഡിക്കൽക്യാമ്പ് നടത്തും. തിരഞ്ഞെടുക്കുന്ന ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രത്യേക തെറാപ്യുട്ടിക് ഫുഡ് അങ്കണവാടികൾവഴി വിതരണം നടത്തും. കുഞ്ഞു ജനിച്ച് രണ്ടുവയസ്സുവരെയുള്ള പ്രായത്തിനിടയിൽ കുഞ്ഞിന്റെ പ്രായത്തിനനുസരിച്ചുള്ള ഭാരം, ഉയരം എന്നിവ അങ്കണവാടിപ്രവർത്തകരും ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥരും ഭവനസന്ദർശനം നടത്തി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.