തിരുവനന്തപുരം: കൊടിവെച്ച കാറിൽ വന്നിറങ്ങിയ മന്ത്രിമാർ ഒരിക്കൽകൂടി വിദ്യാർഥികളായി. ഒമ്പതരയ്ക്ക് ക്ലാസ് ആരംഭിക്കും മുമ്പേ അച്ചടക്കമുള്ള കുട്ടികളായി എല്ലാവരും ഹാജർ. പുതുമുഖങ്ങൾ നിറഞ്ഞ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർക്കായി മൂന്നുദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്ന ഐ.എം.ജി. ഡയറക്ടറും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ എല്ലാവരെയും സ്വീകരിച്ചിരുത്തി. കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ തുടങ്ങിയ പരിചയസമ്പന്നർക്കൊപ്പം മന്ത്രി കെ. രാജനും റോഷി അഗസ്റ്റിനുമൊക്കെ മുൻനിരയിൽത്തന്നെ സീറ്റുറപ്പിച്ചിരുന്നു. മുൻ അധ്യാപിക ആർ. ബിന്ദുവും മറ്റും മധ്യനിരയിൽ ഇടംപിടിച്ചപ്പോൾ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും വീണാ ജോർജും വാസവനും സജി ചെറിയാനുമൊക്കെ ബാക് ബെഞ്ചേഴ്‌സായി. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറി വി.പി. ജോയിക്കുമൊക്കെ ക്ലാസിൽ മുന്നിൽ പ്രത്യേക സീറ്റൊരുക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തോടെയാണ് പരിശീലന പരിപാടി ആരംഭിച്ചത്. കെ.എം. ചന്ദ്രശേഖറിന്റെ ആദ്യ ക്ലാസിൽ മുഴുവൻ സമയവും അദ്ദേഹം പങ്കെടുത്തു. വരുംദിവസങ്ങളിലും താൻ എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചായസമയം ഒഴിവാക്കിയെങ്കിലും സംശയങ്ങൾ നീണ്ടതോടെ നിശ്ചയിച്ചിരുന്നതിലും അരമണിക്കൂറോളം വൈകിയാണ് ആദ്യദിനം ക്ലാസ് അവസാനിച്ചത്. ഏറെ പ്രയോജനപ്രദം എന്ന ഒറ്റവാചകത്തിൽ വിശേഷിപ്പിച്ചാണ് ഉച്ചയോടെ മന്ത്രിമാർ ക്ലാസ് വിട്ടത്‌.