വണ്ടിപ്പെരിയാർ(ഇടുക്കി): ചുരക്കുളം തോട്ടത്തിൽ ആറുവയസ്സുകാരിയെ ബലാത്സംഗംചെയ്തശേഷം കെട്ടിത്തൂക്കി കൊന്നകേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. അയൽവാസിയും ചുരക്കുളം എസ്റ്റേറ്റിലെ താമസക്കാരനുമായ അർജുനാണ് കേസിലെ പ്രധാന പ്രതി. ഇയാളെ പിടികൂടി എഴുപത്തെട്ടാം ദിവസമാണ് തൊടുപുഴ പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രതിയുടെപേരിൽ ആറുകേസ്‌

പ്രതി അർജുൻ ബലാത്സംഗം, കൊലപാതകം, പോക്സോ തുടങ്ങിയ ആറ് കുറ്റം ചെയ്തെന്നാണ് കുറ്റപത്രത്തിലുള്ളത്. 65 സാക്ഷികൾ, ശാസ്ത്രീയ, ഡിജിറ്റൽ തെളിവുകൾ, 250 പേരുടെ മൊഴി എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള കുറ്റപത്രം 300 പേജിലധികം വരുന്നതാണ്. പെൺകുട്ടിയുടെ മൃതദേഹത്തിൽനിന്ന്‌ അർജുൻറെ മുടി ലഭിച്ചിരുന്നു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന് ഡമ്മിയുപയോഗിച്ച് കൃത്യം വീണ്ടും ചിത്രീകരിച്ചു. സംഭവദിവസം പ്രതിക്കൊപ്പമുണ്ടായിരുന്നവർ, ലയത്തിലെ മറ്റ് താമസക്കാർ, പെൺകുട്ടിക്ക് കൊടുക്കാൻ മിഠായി വാങ്ങിയിരുന്ന കടയുടെ ഉടമ തുടങ്ങിയവരിൽനിന്ന്‌ മൊഴിയെടുത്തിരുന്നു.

മൂന്നാംവയസ്സിൽ തുടങ്ങിയ പീഡനം

മൂന്നുവയസ്സുമുതൽ ഈ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് അർജുൻ പോലീസിന് മൊഴി നല്കിയിട്ടുണ്ട്.

ജൂൺ 30-ന് വെളുപ്പിന് കുട്ടിയുടെ മാതാപിതാക്കൾ തോട്ടത്തിൽ ജോലിക്കുപോയി. ടൗണിലെ കടയിൽ ജോലിക്കുപോയിരുന്ന വളർത്തമ്മ തിരിച്ചെത്താൻ വൈകുമെന്ന് പ്രതി മനസ്സിലാക്കി. പെൺകുട്ടിയുടെ സഹോദരൻ ലയത്തിലുണ്ടായിരുന്നു. സഹോദരനെ വീട്ടിൽനിെന്നാഴിവാക്കുന്നതിന് മുടിവെട്ടാൻ ആളെയെത്തിച്ചു. സുഹൃത്തുക്കളെയും ഒഴിവാക്കി പിൻവാതിലിലൂടെ പ്രതി ലയത്തിനുള്ളിൽ കടന്നു.

പെൺകുട്ടി ടി.വി. കാണുകയായിരുന്നു. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടി മരിച്ചെന്നുകരുതി അർജുൻ വീട്ടിൽ കെട്ടിത്തൂക്കി. ഷാളുപയോഗിച്ച് കഴുത്തിൽ കെട്ടിമുറുക്കി. തുടർന്ന്, പഴക്കുല കെട്ടിയിരുന്ന കയറിലാണ് കെട്ടിത്തൂക്കിയത്. ലയത്തിൻറെ മുൻവശത്തുള്ള ജനാലവഴി പുറത്തിറങ്ങി. ഇതെല്ലാം കുറ്റപത്രത്തിൽ വിശദമാക്കുന്നുണ്ട്.

നിർണായകമായത് പോസ്റ്റുമോർട്ടം റിപ്പോർ‌ട്ട്

ആദ്യഘട്ടത്തിൽ അപകടമരണമെന്ന് കരുതിയ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് നിർണായകമായത്. കുട്ടി ക്രൂരപീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തുകയായിരുന്നു. ദിവസേന മിഠായി വാങ്ങിനല്കി പെൺകുട്ടിയുമായി അടുത്തുകൂടിയശേഷമാണ് പീഡിപ്പിച്ചിരുന്നത്.

കേസിൽ സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സുനിൽകുമാറിനെ നിയമിച്ചിരുന്നു. ജില്ലാ പോലീസ് ചീഫ് കറുപ്പസ്വാമി, ഡിവൈ.എസ്.പി. സി.ജി.സനൽകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ വണ്ടിപ്പെരിയാർ സി.ഐ. ടി.ഡി.സുനിൽകുമാർ, എസ്‌.ഐ. ജമാലുദ്ദീൻ, എ.എസ്‌.ഐ. സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.