ആലപ്പുഴ: നഗരത്തിൽ കല്ലുപാലത്തിനുസമീപം പഴയകെട്ടിടം പൊളിക്കുന്നതിനിടെ പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയ അസ്ഥികൂടങ്ങൾ വൈദ്യപഠനത്തിനുപയോഗിച്ചതെന്നു പ്രാഥമിക ശാസ്ത്രീയപരിശോധനയിൽ വ്യക്തമായെന്ന് പോലീസ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫൊറൻസിക് മേധാവികൂടി വിശദമായി പരിശോധിച്ചശേഷമേ ഇക്കാര്യം പൂർണമായും സ്ഥിരീകരിക്കൂവെന്നും ആലപ്പുഴ സൗത്ത് പോലീസ് വ്യക്തമാക്കി. ബുധനാഴ്ച വിശദമായ പരിശോധനാഫലം ലഭിക്കും.

വേണ്ടിവന്നാൽ ഡി.എൻ.എ. പരിശോധനയും നടത്തും. പഠനാവശ്യത്തിലുപരിയായി എന്തെങ്കിലുമുണ്ടോയെന്നു കണ്ടെത്താനാണു കൂടുതൽ പരിശോധനയെന്ന് ഫൊറൻസിക് വിദഗ്ധർ സൂചിപ്പിച്ചു.

കല്ലുപാലത്തിനുസമീപമുള്ള പഴയകെട്ടിടത്തിൽ വാടകയ്ക്കുതാമസിച്ചിരുന്ന ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെയും പട്ടിക പോലീസ് തയ്യാറാക്കിവരുകയാണ്. ഇപ്പോൾ വണ്ടാനത്തു പ്രവർത്തിക്കുന്ന ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി നേരത്തേ ആലപ്പുഴ നഗരത്തിലായിരുന്നു. അസ്ഥികൂടംകണ്ടെത്തിയ കെട്ടിടവും പഴയ മെഡിക്കൽ കോളേജ് ആശുപത്രിയുംതമ്മിൽ വലിയദൂരമില്ല. അതുകൊണ്ടുതന്നെ പണ്ടുകാലത്ത് മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും ഇവിടെ താമസിച്ചിട്ടുണ്ട്. അവർ വൈദ്യപഠനാവശ്യംകഴിഞ്ഞ് ഉപേക്ഷിച്ചതാകാമിതെന്നാണു നിഗമനം.

വർഷങ്ങൾക്കുമുൻപ് തോട്ടപ്പള്ളിയിൽ ഒരിടത്തും പഴയ അസ്ഥികൂടങ്ങൾ കണ്ടെത്തിയതു വിവാദമായിരുന്നു. അന്വേഷണത്തിനൊടുവിൽ അവ വൈദ്യപഠനത്തിനുപയോഗിച്ചതാണെന്നു വ്യക്തമായിരുന്നു. ഞായറാഴ്ചയാണ്‌ കല്ലുപാലത്തിനു സമീപം കെട്ടിടംപൊളിച്ചുനീക്കുന്നതിനിടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.