: എൻജിനിയറിങ് പ്രവേശന നടപടികൾ പൂർത്തിയാക്കാൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ.) നിശ്ചയിച്ച സമയപരിധി ഒരുമാസം നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചു. ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിട്ടി (ജോസ) യുടെ സീറ്റ് അലോട്ട്‌മെന്റ് ആരംഭിക്കും മുമ്പ് സംസ്ഥാനത്തെ പ്രവേശന നടപടികൾ ആരംഭിച്ചാൽ പ്രമുഖ എൻജിനിയറിങ്‌ കോളേജുകളിൽ ഉൾപ്പടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമെന്നാണ് സംസ്ഥാനത്തിന്റെ വാദം. ഈ മാസം 25-ന് പ്രവേശന നടപടികൾ പൂർത്തിയാക്കാനായിരുന്നു സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് എ.ഐ.സി.ടി.ഇ. തീരുമാനിച്ചത്. ചില സംസ്ഥാനങ്ങളിൽ പ്രവേശന നടപടികൾ ആരംഭിക്കാത്തതിനാൽ തീയതി നീട്ടാൻ എ.ഐ.സി.ടി.ഇ.യും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

കേരളത്തിലെ എൻജിനിയറിങ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് ബുധനാഴ്ച പ്രസിദ്ധീകരിച്ച് 25-ന് പ്രവേശന നടപടി പൂർത്തിയാക്കാനാണ് തീരുമാനിച്ചത്. ജോസയുടെ സീറ്റ് അലോക്കേഷൻ നടപടികൾ ഈ മാസം 27-ന് ആരംഭിക്കുമ്പോൾ മാത്രമേ ഐ.ഐ.ടി., എൻ.ഐ.ടി. ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലേക്ക് പ്രവേശനം നടക്കൂ. സംസ്ഥാനത്തെ പ്രവേശന പരീക്ഷയെഴുതി ഉയർന്ന റാങ്ക് വാങ്ങിയ വിദ്യാർഥികൾ നിലവിൽ കേരളത്തിലെ പ്രമുഖ എൻജിനിയറിങ്‌ കോളേജുകളിൽ പ്രവേശനം നേടിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും ഐ.ഐ.ടി., എൻ.ഐ.ടി. പ്രവേശന പരീക്ഷകൾ എഴുതിയവരാണ്. കേരളത്തിൽ പ്രവേശന നടപടികൾ പൂർത്തിയായ ശേഷമേ ഈ സ്ഥാപനങ്ങളിൽ പ്രവേശനം നടക്കു എന്നതിനാൽ കേരളത്തിലെ കോളേജുകളിൽനിന്ന് വിട്ടുപോകുന്നവർക്ക് പകരം പുതിയ പ്രവേശനം നടത്താനാകില്ല. ഇതുകാരണം പ്രമുഖ കോളേജുകളിലെ പ്രധാന ബ്രാഞ്ചുകളിൽ പോലും സീറ്റുകൾ ഒഴിഞ്ഞുകിടക്കും. തീയതി നീട്ടുകയാണെങ്കിൽ കുറഞ്ഞത് രണ്ട് അലോട്ട്‌മെന്റുകൾകൂടി നടത്തി മുഴുവൻ സീറ്റുകളിലും കുട്ടികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.