തിരുവനന്തപുരം: നവംബർ പകുതിയോടെ ആരംഭിക്കുന്ന ശബരിമല തീർഥാടനത്തിന് മുന്നോടിയായുള്ള ലേലത്തിൽ കാര്യമായ നേട്ടമില്ല. തീർഥാടകരുടെ എണ്ണം കുറയുമോയെന്ന ആശങ്കയിൽ ലേലത്തിന് കരാറുകാർ വിമുഖത കാട്ടുകയാണ്. നവംബർ ആദ്യവാരം വീണ്ടും ലേലം നിശ്ചയിച്ചിട്ടുണ്ട്.

യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധി വന്ന ശേഷം മുൻകാലങ്ങളിലേതുപോലുള്ള ലേലവരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉണ്ടായിട്ടില്ല. തീർഥാടകർ കുറഞ്ഞതോടെ കോടികൾക്ക് ലേലംകൊണ്ട കരാറുകാർക്ക് തിരിച്ചടിയായി. ഇരുന്നൂറിലേറെ ഇനങ്ങളിലാണ് ലേലം നടക്കേണ്ടത്. തീർഥാടനത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു പോവുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. പ്രതിസന്ധി കണക്കിലെടുത്ത് 50 ശതമാനംവരെ തുക കുറച്ചാണ് ഇത്തവണ നാമമാത്രമായെങ്കിലും ലേലം നടന്നത്. മുൻകാലങ്ങളിൽ 75 കോടിവരെയായിരുന്നു ലേല വരുമാനം.

തീർഥാടനകാലത്ത് 25,000 പേരേവീതം പ്രതിദിനം ദർശനത്തിന് സന്നിധാനത്തേക്ക്‌ പ്രവേശിപ്പിക്കാനാണ് സർക്കാർ തീരുമാനം. സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ലെന്നത് വരുമാനം കുറയ്ക്കും. തിരക്കു നിയന്ത്രിക്കാനും സുഗമദർശനത്തിനും പോലീസ് കൊണ്ടുവന്ന വെർച്വൽ ക്യൂവാണ് മറുനാട്ടിലേതടക്കമുള്ള തീർഥാടകർക്കു വിനയാകുന്നത്. മുമ്പ് വെർച്വൽ ക്യൂ എല്ലാ തീർഥാടകർക്കും നിർബന്ധമാക്കിയിരുന്നില്ലെങ്കിലും ഇപ്പോൾ അതല്ല സ്ഥിതി. വെർച്വൽ ക്യൂ ഒഴിവാക്കണമെന്നാണ് മറ്റുസംസ്ഥാനങ്ങളിലെ തീർഥാടകരുടെ ആവശ്യം. ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ശബരിമലയ്ക്ക് ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരുടെ സഹായം തേടി ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും അടുത്തിടെ തെലങ്കാനയിൽ നടത്തിയ ചർച്ച വിജയകരമായിരുന്നു. 24-ന് ചെന്നെയിൽ ഭക്തസംഘടനകളെയും കാണുന്നുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ പ്രതിനിധികളുമായും സംസാരിക്കും.

ബോർഡിന്റെ കാലാവധി തീരുന്നു

പ്രസിഡന്റും രണ്ട് അംഗങ്ങളും ഉൾപ്പെടുന്ന ദേവസ്വം ബോർഡിൽ പ്രസിഡന്റ് എൻ. വാസു, അംഗം കെ.എസ്. രവി എന്നിവരുടെ കാലാവധി നവംബർ 14-ന് അവസാനിക്കും. മറ്റൊരംഗം പി.എം. തങ്കപ്പന് ഒരു വർഷംകൂടി കാലാവധിയുണ്ട്. പുതിയ പ്രസിഡന്റ്, അംഗം എന്നിവരെ കണ്ടെത്താൻ സർക്കാർ നടപടികൾ തുടങ്ങിയിട്ടില്ല. നിലവിലുള്ളവർക്ക് കാലാവധി കഴിഞ്ഞും തുടരാൻ നിയമഭേദഗതി മതിയാകും.