സീതത്തോട്(പത്തനംതിട്ട): രാജ്യത്ത് വിതരണംചെയ്യുന്ന ആധാർ കാർഡിൽ സമൂല മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ പുതിയ പി.വി.സി. ആധാർ കാർഡുകൾ വിതരണം തുടങ്ങി. ആധുനിക സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയാണ് പുതിയ പി.വി.സി. ആധാർ കാർഡ് യു.ഐ.ഡി ഓഫ് ഇൻഡ്യ തയ്യാറാക്കിയിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് കാർഡിന്റെ വിതരണം തുടങ്ങിയെങ്കിലും വ്യാപകമായിട്ടില്ല. കാർഡിലെ ചിത്രങ്ങളും മറ്റുവിവരങ്ങളും കൂടുതൽ വ്യക്തതയോടുകൂടിയതും ഭംഗിയുള്ളതുമാണ്. ഓൺലൈനായും ഓഫ് ലൈനായും പരിശോധിക്കാവുന്ന സുരക്ഷാ ക്രമീകരണങ്ങളും കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ കാർഡിൽ ഡെമോഗ്രാഫിക് വിശദാംശങ്ങൾ, ഹോളോഗ്രാം, ഡിജിറ്റൽ ക്യൂ.ആർ. കോഡ്, ഒന്നിലധികം സുരക്ഷാ സവിശേഷതകളുള്ള ഫോട്ടോ, മൈക്രോ ടെക്സ്റ്റ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കാർഡ് പൂർണമായും വാട്ടർപ്രൂഫ് ആയതിനാൽ വെള്ളത്തിൽ വീഴുകയോ, നനയുകയോ ചെയ്താലും സുരക്ഷാ സംവിധാനങ്ങൾക്ക് നാശം സംഭവിക്കില്ല.

മുമ്പ് ചില സ്വകാര്യ കമ്പനികൾ ആധാർകാർഡിന്റെ പി.വി.സി. പതിപ്പ് പുറത്തിറക്കിയിരുന്നു. ഇവയിൽ സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലായിരുന്നു. വെറും ഫോട്ടോ പതിപ്പ് മാത്രമായിരുന്നു.

നിലവിൽ ആധാർകാർഡുള്ളവർക്കും പി.വി.സി. കാർഡുകൾ യു.ഐ.ഡി ഓഫ് ഇൻഡ്യയിൽനിന്ന്‌ വിലകൊടുത്തു വാങ്ങാം. www.uidai.gov.in എന്ന വെബ് സൈറ്റ് മുഖേനയും കേരളത്തിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേനയും കാർഡുകൾ വിലകൊടുത്തു വാങ്ങാം. എ.ടി.എം., ക്രെഡിറ്റ് കാർഡുകൾപോലെ അനായാസം കൊണ്ടുനടക്കുന്നതിന് സൗകര്യപ്രദമായ തരത്തിലാണ് കാർഡ് രൂപകല്പന ചെയ്തിട്ടുള്ളത്.