: ഡി.എൽ.എഡ്. (പഴയ ടി.ടി.സി.), ബി.എഡ്. കോഴ്‌സുകളുടെ ടീച്ചിങ് പ്രാക്ടീസ് മുടങ്ങി. സിലബസിലുള്ള ഒന്നരമാസത്തെ സ്കൂൾ പരിശീലനമാണ് മുടങ്ങിയത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷനുകളിലാണ് ഡി.എൽ.എഡ്. വിദ്യാർഥികൾ പഠിക്കുന്നത്. സംസ്ഥാനത്ത് 102 സ്ഥാപനങ്ങളുണ്ട്. അയ്യായിരത്തോളം വിദ്യാർഥികളും. 30 സ്ഥാപനങ്ങൾ സർക്കാർ മേഖലയിലും ബാക്കി എയ്ഡഡിലുമാണ്.

നാലുസെമസ്റ്ററുകളുള്ള കോഴ്‌സിന്റെ മൂന്നും നാലും സെമസ്റ്ററുകളിലാണ് ടീച്ചിങ് പ്രാക്ടീസ്. 45 ദിവസങ്ങൾ വീതമാണ് പഠിപ്പിക്കേണ്ടത്. മൊത്തം 300 മാർക്ക്. ആദ്യ സെമസ്റ്ററിൽ എൽ.പി. സ്കൂളുകളിലും രണ്ടാം സെമസ്റ്ററിൽ യു.പി. സ്കൂളുകളിലും അഞ്ചുദിവസംവീതം സന്ദർശനം നടത്തുന്നതിനാണ് 40 മാർക്ക്. ഈ മാർക്കുകൾ കുട്ടികൾക്ക് കിട്ടിയിട്ടുണ്ട്.

ബി.എഡിന് മൂന്നാം സെമസ്റ്ററിൽ 40-ഉം നാലാം സെമസ്റ്ററിൽ 30 -ഉം ദിവസമാണ് ടീച്ചിങ് പ്രാക്ടീസ്. 400-നും 500 -നും ഇടയ്ക്കാണ് മാർക്ക്.

എന്തുചെയ്യണമെന്നറിയില്ല

ഓൺലൈൻ ക്ലാസുകളുടെ സംശയദൂരീകരണത്തിന് കുട്ടികൾ സ്കൂളുകളിലെത്തുമ്പോൾ അധ്യാപകവിദ്യാർഥികൾക്ക് പരിശീലനം നടത്താം എന്ന അവ്യക്തമായ ഒരുനിർദേശം മാത്രമാണ് വിദ്യാഭ്യാസവകുപ്പിൽനിന്നുണ്ടായത്. അധ്യാപകപരിശീലനം നടത്താൻ സഹായം വേണമെന്നാവശ്യപ്പെട്ട് എം.ജി. സർവകലാശാല എസ്.സി.ഇ.ആർ.ടി.ക്ക് അപേക്ഷ നൽകിയതൊഴിച്ചാൽ ബി.എഡിനുവേണ്ടിയും ഒന്നുമുണ്ടായിട്ടില്ല.

സർക്കാർ ഇടപെടണം

എങ്ങനെ ഈ കുട്ടികൾക്ക് ടീച്ചിങ് പ്രാക്ടീസിന്റെ മാർക്കു കൊടുക്കണം എന്ന കാര്യത്തിൽ സർക്കാർ ഇടപെട്ട് വ്യക്തത വരുത്തണം. അധ്യാപകപരിശീലനസ്ഥാപനങ്ങൾ ഇപ്പോൾ ഇരുട്ടിൽത്തപ്പുകയാണ്.

--എൻ. ശ്രീകുമാർ, സംസ്ഥാനപ്രസിഡന്റ്, ഓൾ കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ