തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ 2019-20 സാമ്പത്തികവർഷത്തെ ഓഡിറ്റ് നടപടികൾ നിർത്തിവെക്കാനുള്ള തീരുമാനം ലൈഫ്പദ്ധതി ഉൾപ്പെടെയുള്ള അഴിമതികൾ പുറത്തുവരാതിരിക്കാനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തീരുമാനം പിൻവലിച്ചില്ലെങ്കിൽ നിയമപരമായി നേരിടുമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി.

‘‘പതിനഞ്ചാം ധനകാര്യകമ്മിഷന്റെ ഗ്രാന്റ് ലഭിക്കാനുള്ള മാർഗനിർദേശം കിട്ടിയില്ലെന്നാണ് ഇതിനുകാരണമായി ഓഡിറ്റ് ഡയറക്ടറുടെ കത്തിൽ പറയുന്നത്. എന്നാൽ, ഓഡിറ്റ് നടത്താൻ ധനകാര്യകമ്മിഷന്റെ മാർഗനിർദേശങ്ങൾ ആവശ്യമില്ല, നിർത്തിവെക്കേണ്ട കാര്യവുമില്ല’’ -ചെന്നിത്തല പറഞ്ഞു.

1994-ലെ കേരള ലോക്കൽഫണ്ട് ഓഡിറ്റ് നിയമത്തിലെ വാർഷികകണക്ക് ലഭിച്ച് ആറുമാസത്തിനകം റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ ലംഘിച്ച് ഫിനാൻഷ്യൽ ഓഡിറ്റുമാത്രം നടത്താനുള്ള സർക്കാർനീക്കം അഴിമതി മറയ്ക്കാനാണ്. വരവുചെലവ് പരിശോധിച്ച് ചെലവിട്ട തുകയ്ക്ക് ആനുപാതികമായി ഫലമുണ്ടായോ എന്ന്‌ തിട്ടപ്പെടുത്തുന്നതും അഴിമതി കണ്ടെത്തുന്നതുമെല്ലാം കംപ്ളെയിന്റ്, പെർഫോർമൻസ് ഓഡിറ്റിങ്ങിലൂടെയാണ്. കേരളത്തിൽ ഫിനാൻഷ്യൽ കംപ്ളെയിന്റ് പെർഫോമൻസ് ഓഡിറ്റാണ് നടക്കുന്നതെന്ന് ഓഗസ്റ്റ് 20-ന് കേന്ദ്രത്തിനയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട് -ചെന്നിത്തല പറഞ്ഞു.

ബാർകോഴ ആരോപണം കഴമ്പില്ലാത്തത്

ബാർകോഴയുമായി ബന്ധപ്പെട്ട് ബിജു രമേശ് ഏഴുവർഷംമുമ്പ്‌ ഉന്നയിച്ച ആരോപണം ആവർത്തിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ആരോപണങ്ങൾ അന്നേ നിഷേധിച്ചതണ്. എല്ലാകാര്യവും പരിശോധിച്ച വിജിലൻസ്, കഴമ്പില്ലെന്നുകണ്ടെത്തിയതുമാണ്. വ്യവസ്ഥാപിതരീതിയിലാണ് പാർട്ടി സംഭാവന സ്വീകരിക്കാറുള്ളത്. ബിജു പറയുന്ന സംഭവം ഉണ്ടായിട്ടില്ല. വിജിലൻസ് റിപ്പോർട്ട് തെറ്റാണെന്ന്‌ നാലരവർഷത്തിനിടെ സർക്കാർ കണ്ടെത്തിയിട്ടുമില്ലെന്ന് ചെന്നിത്തല പറഞ്ഞു.

കോവിഡ് വ്യാപിച്ചത് സമരംകൊണ്ടാണെന്ന പൊട്ടിപ്പൊളിഞ്ഞ വാദംതന്നെ ആവർത്തിക്കുന്ന മുഖ്യമന്ത്രി തരംതാണ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം. ആരോഗ്യവകുപ്പിന്റെ യഥാർഥമുഖമാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രആരോഗ്യമന്ത്രി വിമർശിച്ചപ്പോൾ പ്രശംസിക്കുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ, വാർത്ത വായിച്ചവർക്കൊക്കെ മനസ്സിലായത് വിമർശിച്ചെന്നാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ പ്രാദേശിക കൂട്ടുകെട്ടുകളെപ്പറ്റി യു.ഡി.എഫ്. ആലോചിച്ച് തീരുമാനിക്കും -ചെന്നിത്തല വ്യക്തമാക്കി.