കോട്ടയം: ശബരിമല വിമാനത്താവളപദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ കോടതിയിൽ പണം കെട്ടിവെക്കുന്നത് ഹൈക്കോടതി തടഞ്ഞതോ‌ടെ സർക്കാരിന് ആശയക്കുഴപ്പം. ഇൗ ഭൂമിയിൽ ഇത് മൂന്നാം വട്ടമാണ് സർക്കാരിന് കോടതികളിൽനിന്ന് തിരിച്ചടി കിട്ടുന്നത്.

കോടതിയിൽ പണം കെട്ടിവെക്കുന്ന വ്യവസ്ഥ ഹൈക്കോടതി ഒഴിവാക്കിയെങ്കിലും ഭൂമി ഏറ്റെടുക്കലിൽ ഇടപെട്ടില്ല. ഇതോടെ കൈവശക്കാരെന്ന് സർക്കാർ പറയുന്ന ഇപ്പോഴത്തെ ഉടമയ്ക്ക് പണം നൽകി, 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം മുന്നോട്ടുപോകണോ മറ്റ് നിയമനടപടി വേണോ എന്നതിലാണ് ആശയക്കുഴപ്പം. പണം നേരിട്ട് നൽകിയാൽ ഉടമാവകാശം അംഗീകരിക്കുന്നതിന് തുല്യമാകും. ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണിൽനിന്ന് വിലയ്ക്ക്‌ വാങ്ങിയ ബിലീവേഴ്സ് ചർച്ചിനാണ് നിലവിൽ 2263.18 ഏക്കർ ഭൂമിയുടെ ഉടമാവകാശം.

രാജമാണിക്യം കമ്മിഷൻ ചെറുവള്ളി അടക്കമുള്ളവ സർക്കാരിന്റെ ഭൂമിയാണെന്ന് കണ്ടെത്തിയിരുന്നു. 2014 ഡിസംബർ ഒന്നിനാണ് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കമ്പനി കൈവശം വെച്ചിരിക്കുന്ന 29,185 ഏക്കർ സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നും ഭൂമി സർക്കാർ ഏറ്റെടുക്കുകയാണെന്നും കാണിച്ച് രാജമാണിക്യം ഉത്തരവിറക്കിയത്. ചെറുവള്ളിയും ഇതിൽ വരും.

സ്പെഷ്യൽ ഓഫീസറുടെ നിയമനത്തിനെതിരേ ഹാരിസൺ കോടതിയിൽ പോയി. കമ്മിഷൻ നടപടിക്ക് എതിരേ ചർച്ചും ഹൈക്കോടതിയെ സമീപിച്ചു. 2015-ൽ ഈ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. ഭൂമി ഏറ്റെടുക്കുന്നത് സിവിൽ നിയമപ്രകാരം മാത്രമേ പറ്റൂ എന്ന് കോടതി കണ്ടെത്തി. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഭൂമിയിൽ അവകാശം ഉണ്ടെങ്കിൽ സിവിൽ കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്.

അതുപ്രകാരമാണ് ചെറുവള്ളി ഭൂമിക്കായി പാലാ സിവിൽ കോടതിയിൽ 2019-ൽ ഹർജി നൽകിയത്. ഇൗ ഹർജി കോടതി മുമ്പാകെ ഇരിക്കുമ്പോഴാണ് ജൂണിൽ പണം കോടതിയിൽ കെട്ടിവെച്ച് ചെറുവള്ളി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടത്. വിധി സർക്കാരിന് അനുകൂലമായാൽ കെട്ടിവെച്ച പണം സർക്കാരിന് മടക്കിക്കിട്ടും. മറിച്ചായാൽ ഉടമയ്ക്കും. ഇൗ ഉത്തരവിലും വ്യക്തത ഇല്ലായിരുന്നു. ഭൂമിയുടെയല്ല അതിലെ മരം, കെട്ടിടം എന്നിവയുടെ വിലയാണ് കെട്ടിവെക്കുന്നതെന്ന് പിന്നീട് സർക്കാർ വിശദമാക്കിയിരുന്നു. ഇൗ കെട്ടിവെക്കൽ തടഞ്ഞതാണ് ഇപ്പോഴത്തെ തിരിച്ചടി.

വഴികൾ തുറന്നുകിടക്കുന്നു

സർക്കാരിന്, എല്ലാ കാലാവധി കഴിഞ്ഞ പാട്ടഭൂമികളും ഏറ്റെടുക്കാൻ നല്ല വഴി തുറന്നുകിടക്കുന്നുണ്ട്. ഓർഡിനൻസ് ഇറക്കാൻ ആരെയാണ് ഭയക്കുന്നത്. സ്വന്തം ഭൂമിയാണോ എന്ന് ചോദിച്ചാൽ കാണിക്കാൻ രേഖകൾ കൈവശമുള്ളത് അന്വേഷിച്ചാൽ സർക്കാരിന് കിട്ടും. മുൻ ഉടമകളായ വഞ്ഞിപ്പുഴ മഠത്തിൽനിന്ന് പണം കൊടുത്ത് സർക്കാർ ചെറുവള്ളി ഭൂമി വാങ്ങിയതിന്റെ രേഖ ഞാൻ കണ്ടെടുത്ത് കൊടുത്തിട്ടുണ്ട്. മറ്റ് രേഖകളും ഉണ്ട്. ചെറുവള്ളിയിൽ വിമാനത്താവളം എന്നത് നടക്കുക പ്രയാസം. ഈ വിഷയം തീരുമാനം ആകാതെ ഇനിയും നീളും.

- സുശീലാ ഭട്ട്, സർക്കാരിന്റെ മുൻ അഭിഭാഷക (ഹാരിസൺ ഭൂമി കേസുകൾ).

വിധി പഠിച്ചശേഷം തുടർനടപടി

ഹൈക്കോടതി വിധി പഠിച്ചിട്ടില്ല. അതിൽ എന്താണ് വ്യക്തമാക്കുന്നതെന്ന് മനസ്സിലാക്കണം. അതിന് ശേഷമേ എന്ത് വേണമെന്ന് നിശ്ചയിക്കൂ.

- മന്ത്രി ഇ.ചന്ദ്രശേഖരൻ.