പത്തനംതിട്ട: ശബരിമലയിലെ ഹോട്ടലുകളുൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ ലേലത്തിൽ പോകാനുള്ള സാധ്യത മങ്ങിയതോടെ ദേവസ്വം ബോർഡ് കടുത്ത പ്രതിസന്ധിയിൽ. 22-ന് തുറക്കുന്ന ടെൻഡറിൽ വ്യാപാരികൾ പങ്കെടുക്കാനുള്ള സാധ്യത ഇല്ലാതായതോടെ കടകളുടെയും മറ്റും നടത്തിപ്പ് സർക്കാർ ഏജൻസികൾ ഏറ്റെടുത്തേക്കും. ഇതോടെ, വരുമാന പ്രതിസന്ധിയിലുഴലുന്ന ദേവസ്വം ബോർഡിന് വൻ നഷ്ടമാണ് ഉണ്ടാകുന്നത്.

എല്ലാവർഷവും നടവരവിനു പുറമേ ലേല ഇനത്തിൽ നല്ല തുക ബോർഡിന് ലഭിക്കാറുണ്ട്. 2018-ൽ 45 കോടിയും 2019-ൽ 34.75 കോടിയുമാണ് ലേല ഇനത്തിൽ മാത്രം ബോർഡിന് ലഭിച്ചത്. എന്നാൽ, ഇത്തവണ സർക്കാർ ഏജൻസികൾക്ക് കൈമാറിയാൽ ഒരുരൂപപോലും കിട്ടില്ലെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. സാധാരണ, ഒരു കോടിക്ക്‌ മുകളിൽ ലേലം കൊള്ളുന്ന ഹോട്ടലുകൾക്ക് പകുതി പണവും ബാക്കി ബാങ്ക് ഗാരന്റിയുമാണ് ബോർഡിന് ലഭിക്കുന്നത്. ലേലം നടക്കാതെ ഇവയുടെ നടത്തിപ്പ് സപ്ലൈക്കോ, കൺസ്യൂമർഫെഡ് പോലുള്ള സ്ഥാപനങ്ങൾക്ക് കൈമാറേണ്ടിവന്നാൽ ഒരു രൂപപോലും ദേവസ്വം ബോർഡിന് ലഭിക്കില്ല. കൈമാറിയാൽ ബോർഡിന് നൽകേണ്ട തുകയെ സംബന്ധിച്ച് കൃത്യമായ മാർഗരേഖയും ഇല്ല. സർക്കാർ ഏജൻസികൾക്ക് കൈമാറിയാൽ പിന്നീട് എല്ലാക്കൊല്ലവും സർക്കാർ ഏറ്റെടുക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. കോവിഡ് കണക്കിലെടുത്ത് ഇത്തവണ സന്നിധാനത്തെയും പമ്പയിലെയും നിലയ്ക്കലിലെയും കടകൾ ഒന്നിടവിട്ടാക്കിയതും, വിരിഷെഡ്ഡും, പായയും തലയണയും, പൂർണമായി ഒഴിവാക്കിയതും ബോർഡിന്റെ നഷ്ടം കൂട്ടുന്നു.

സർക്കാർ സേവനങ്ങൾക്ക് വലിയ ചെലവ്

കഴിഞ്ഞ വർഷം 10.54 കോടി രൂപയാണ് വാട്ടർ അതോറിറ്റിക്ക്‌ കുടിവെള്ള ബിൽ തുകയായി ദേവസ്വം ബോർഡ് നൽകിയത്. കെ.എസ്.ഇ.ബി.ക്ക് ഒമ്പത് കോടി രൂപയും നൽകി. ശുചീകരണ പ്രവൃത്തികൾക്ക് ഒരുകോടിയാണ് കഴിഞ്ഞ വർഷത്തെ ചെലവ്. സ്പെഷ്യൽ പോലീസ് ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ജീവനക്കാർക്കും ഭക്ഷണവും താമസസൗകര്യവും ഒരുക്കിയതും ദേവസ്വം ബോർഡാണ്. 2014-15-ൽ 51.63 കോടിയും, 2015-16-ൽ 53.4 കോടിയും, 2016-17-ൽ 57.96 കോടിയും, 2017-18-ൽ 59.57 കോടിയും, 2018-19-ൽ 36.63 കോടിയും, 2020 ജനുവരി 19 വരെ 45.32 കോടി രൂപയുമാണ് ബോർഡിന് ശബരിമലയിൽ ചെലവായത്.