മാങ്കുളം: തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിനം പൂർത്തിയാക്കിയ കുടുംബങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. സാമ്പത്തികവർഷം തുടങ്ങി ഏഴുമാസം കഴിഞ്ഞെങ്കിലും ഇതുവരെ 9672 കുടുംബങ്ങൾക്ക് മാത്രമാണ് 100 തൊഴിൽദിനം കിട്ടിയത്. സംസ്ഥാനത്ത് ശരാശരി 34 തൊഴിൽദിനങ്ങളാണ് ഓരോ കുടുംബത്തിനും കിട്ടിയിരിക്കുന്നത്.

65 വയസ്സ് കഴിഞ്ഞവർക്ക് ഇപ്പോൾ തൊഴിലെടുക്കാൻ വിലക്കുണ്ട്. കോവിഡ് കണക്കിലെടുത്താണ് ഇത്. 100 തൊഴിൽദിനം കിട്ടിയ കുടുംബങ്ങളുടെ എണ്ണം കുറയാൻ പ്രധാന കാരണം ഇതാണെന്ന് അധികൃതർ പറഞ്ഞു. തൊഴിലുറപ്പിൽ രജിസ്റ്റർ ചെയ്തവരിൽ വലിയൊരു ശതമാനം 65 വയസ്സ് കഴിഞ്ഞവരാണ്.

കോവിഡ് മൂലം ദൂരസ്ഥലങ്ങളിൽ പണിക്ക് പോവുന്നതിന് നിയന്ത്രണം വന്നതോടെ പ്രാദേശികമായി കൂടുതൽ പേർ തൊഴിലുറപ്പിന് വരാൻ തുടങ്ങി. യുവാക്കൾവരെ വ്യാപകമായി തൊഴിലുറപ്പിന് വരുന്നുണ്ട്. ഇതും 100 തൊഴിൽ കിട്ടുന്നത് കുറയാൻ കാരണമായി. 100 തൊഴിൽ ദിനം കിട്ടിയ കുടുംബങ്ങൾ കൂടുതൽ പാലക്കാട് ആണ്-2028. തൃശ്ശൂർ-1286, കോട്ടയം-1219 എന്നിങ്ങനെയാണ് തൊട്ടുപുറകിൽ.

ഒരു കുടുംബത്തിന് ചുരുങ്ങിയത് 100 തൊഴിൽദിനം നൽകുക എന്നതാണ് തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം.

ഇതുപ്രകാരമാണ് തൊഴിൽ ബജറ്റ് തന്നെ തയ്യാറാക്കുന്നത്. 2018-19 വർഷമാണ് ഇത് ശരിക്കും യാഥാർഥ്യമായത്. അന്ന് 441479 കുടുംബങ്ങൾക്ക് 100 തൊഴിൽദിനം കിട്ടിയിരുന്നു. പ്രളയംമൂലം കൂടുതൽ പ്രവൃത്തികൾ ഏറ്റെടുക്കാൻ കഴിഞ്ഞതാണ് ഈ റെക്കോഡ് നേട്ടത്തിന് കാരണമായത്. എന്നാൽ, കഴിഞ്ഞ വർഷം 100 തൊഴിൽദിനം കിട്ടിയ കുടുംബങ്ങളുടെ എണ്ണം 251141 ആയി. കോവിഡ് മൂലം ഇത്തവണ വീണ്ടും കുറയാനാണ് സാധ്യത. സാധാരണ ഒക്ടോബർ മുതലാണ് തൊഴിലുറപ്പിൽ കൂടുതൽ പ്രവൃത്തികൾ നടക്കുന്നത്.

കോവിഡ് വ്യാപനം എല്ലാം തകിടംമറിച്ചു. മിക്ക പഞ്ചായത്തുകളിലും ഇപ്പോൾ പ്രവൃത്തികൾ കാര്യമായി നടക്കുന്നില്ല.

സംസ്ഥാനത്ത് ഇതുവരെ 12,56,825 കുടുംബങ്ങൾക്കായി 431 ലക്ഷം തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, സംസ്ഥാനം ലക്ഷ്യമിട്ടത് 673 ലക്ഷം തൊഴിൽ ദിനങ്ങൾ ആയിരുന്നു. 242 ലക്ഷത്തിന്റെ കുറവ് ഇപ്പോൾത്തന്നെയുണ്ട്. രോഗതീവ്രത തുടർന്നാൽ തൊഴിലുറപ്പിനെ ഗുരുതരമായി ബാധിക്കും.