പെരുവ: രാത്രി ഏറെ വൈകിയും ഫോൺ വിളിച്ചിരുന്നതിന് വീട്ടുകാർ വഴക്ക്‌ പറഞ്ഞതിൽ മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. മുളക്കുളം കൊല്ലപ്പിള്ളിൽ ജോസഫിന്റെ മകൻ ലിഖിൽ ജോസഫ് (ചാക്കോ-28) ആണ് സ്വയം തീകൊളുത്തി മരിച്ചത്. തിങ്കളാഴ്ച രാത്രി രണ്ടുമണിയോടെ ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ലിഖിൽ. ശബ്ദം കേട്ട് മുറിയിലെത്തിയ വീട്ടുകാർ ഫോൺ വിളിക്കുന്നത് നിർത്തിയിട്ട് കിടന്നുറങ്ങാൻ പറഞ്ഞ് ശാസിച്ചിരുന്നു. ഇതിനെ തുടർന്ന് യുവാവ് വീട്ടുകാരോട് വഴക്കിട്ട് പുലർച്ചെ 2.30-ഓടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വീട്ടുകാർ യുവാവിനെ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ചൊവ്വാഴ്ച രാവിലെ 5.30-ഓടെ പെരുവ തടിമില്ലിന്റെ പരിസരത്തുനിന്ന്‌ നാട്ടുകാർ പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിഖിൽ മുളന്തുരുത്തിയിലെ ഒ.ഇ.എൻ. കമ്പനിയിലെ ജീവനക്കാരനായിരുന്നു. വെള്ളൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ശവസംസ്‌കാരം ബുധനാഴ്ച വൈകീട്ട് അറുന്നൂറ്റിമംഗലം സെന്റ് ജോസഫ് ക്‌നാനായ പള്ളി സെമിത്തേരിയിൽ. മാതാവ്: ലൈസ ജോസഫ് (പിറവം കുഞ്ഞമ്മാട്ടിൽ കുടുംബാംഗം). സഹോദരിമാർ: ലിഞ്ജു ജോസഫ് (കോട്ടയം), ലിനു ജോസഫ് (മരങ്ങാട്ടുപ്പള്ളി).