തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിലെ ആശ്രിത നിയമനത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതികളിലെ അന്വേഷണ പുരോഗതി വ്യക്തമാക്കാൻ ഹൈക്കോടതി വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകി. മരിച്ച ജീവനക്കാരന്റെ രണ്ട് ആശ്രിതർക്ക് ജോലിനൽകിയതടക്കമുള്ള സംഭവങ്ങളിൽ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതികളിൽ ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ കോടതിയെ അറിയിക്കണം.

സ്ഥാപനത്തിലെ ആശ്രിതനിയമനങ്ങളിൽ വൻ ക്രമക്കേട് നടന്നതായി മുൻ മേധാവി ടോമിൻ തച്ചങ്കരി കണ്ടെത്തിയിരുന്നു. സർക്കാരിലേക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയെങ്കിലും അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെ നടപടികൾ മരവിപ്പിച്ചു.

മിനിസ്റ്റീരിയിൽ വിഭാഗത്തിലെ 90 ശതമാനം പേരും ആശ്രിത നിയമനത്തിലൂടെ ജോലിനേടിയവരാണ്. ഓഫീസ് ജീവനക്കാരിൽ മാത്രമായി ആശ്രിതനിയമനം കേന്ദ്രീകരിച്ചതിലും ദുരൂഹതയുണ്ട്. മെക്കാനിക്കൽ, ഓപ്പറേറ്റിങ് വിഭാഗങ്ങളിൽ ആശ്രിതനിയമനം കുറവാണ്. എല്ലാ വിഭാഗങ്ങളിലും ഒരേ രീതിയിൽ നിയമനം നടത്തേണ്ടതാണ്. ഒരുവിഭാഗത്തിൽ മാത്രമായി നിയമനം കേന്ദ്രീകരിച്ചതിനു പിന്നിൽ ക്രമക്കേടുണ്ടെന്ന് മാനേജ്‌മെന്റ് സമ്മതിച്ചിരുന്നു.

സ്ഥാനക്കയറ്റത്തിലും ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ആശ്രിത നിയമനത്തിലൂടെ മേലുദ്യോഗസ്ഥരായ പലരുടെയും നിയമനരേഖകൾ നശിപ്പിക്കപ്പെടുകയോ കാണാതാകുകയോ ചെയ്തു. കെ.എസ്.ആർ.ടി.സി.യുടെ ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയെങ്കിലും ഉന്നതർക്കെതിരേ നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് വിജിലൻസിൽ പരാതിയെത്തിയത്. ഇതിൽ തുടർനടപടികൾ വൈകിയതിനെ തുടർന്നാണ് പരാതിക്കാരനായ ജൂഡ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.