തിരുവനന്തപുരം: ഹർത്താൽദിനത്തിൽ വൈകുന്നേരത്തെ മദ്യവിൽപ്പന മുടക്കിയ ജീവനക്കാർക്ക് ബിവറേജസ് കോർപ്പറേഷൻ പിഴ ചുമത്തി. ശബരിമല സ്ത്രീപ്രവേശത്തിൽ പ്രതിഷേധിച്ച് 2018 ഒക്ടോബർ 18-നു നടന്ന ഹർത്താലിനിടെ മദ്യക്കച്ചവടം മുടക്കിയ 16 ഷോപ്പുകളിലെ ജീവനക്കാരിൽനിന്നാണ് നഷ്ടപരിഹാരം ഈടാക്കാൻ കോർപ്പറേഷൻ ഒരുങ്ങുന്നത്. ഹർത്താൽ സമയം കഴിഞ്ഞ് വൈകീട്ട് ആറുമുതലുള്ള കച്ചവടം നഷ്ടമാക്കിയെന്നാണ് കണ്ടെത്തൽ.

ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ഷോപ്പുകൾ അടച്ചിടാൻ കാരണമെന്നാണു വിലയിരുത്തൽ. ഹർത്താൽ സമയം കഴിഞ്ഞ് ഷോപ്പുകൾ തുറന്ന് മദ്യവിൽപ്പന നടത്താൻ ജീവനക്കാർക്ക് കഴിയുമായിരുന്നു. എന്നാൽ, മനഃപൂർവം കച്ചവടം മുടക്കി. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലെ ജീവനക്കാർക്കെതിരേയാണു നടപടി.

ഓരോ ഷോപ്പിലെയും ശരാശരി കച്ചവടം കണക്കിലെടുത്താണ് തുക നിശ്ചയിച്ചിട്ടുള്ളത്. പണമടയ്ക്കാൻ 15 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിൽനിന്നു പിടിക്കും.

പിഴയീടാക്കാനുള്ള നീക്കം ജീവനക്കാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആദ്യം 24 മണിക്കൂർ ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ പിന്നീട് 12 മണിക്കൂറായി ചുരുക്കിയിരുന്നു. സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ ജീവനക്കാരിൽ പലരും എത്തിയില്ല. ഇതിനെ വീഴ്ചയായി കാണരുതെന്നാണ് ജീവനക്കാരുടെ ആവശ്യം.

ഷോപ്പുകൾ തുറക്കരുതെന്ന് ഹർത്താൽ അനുകൂലികൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഘർഷമേഖലയിൽ ഉൾപ്പെടാത്ത ഷോപ്പുകൾ തുറക്കാമായിരുന്നുവെന്ന നിലപാടാണ് മാനേജ്‌മെന്റിന്. പ്രശ്‌നസാധ്യതയുള്ള മേഖലകളിൽ അടഞ്ഞുകിടന്ന ഷോപ്പുകളിലെ ജീവനക്കാർക്കെതിരേ നടപടിയെടുത്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു.