തിരുവനന്തപുരം: കോവിഡ് വ്യാപനത്തോത് വിലയിരുത്തി തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള തീയതി നവംബർ ആദ്യം പ്രഖ്യാപിച്ചേക്കും. ഡിസംബറിൽ രണ്ടുഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ക്രിസ്മസിനുമുമ്പ് തിരഞ്ഞെടുപ്പുനടപടികൾ പൂർത്തിയാക്കി പുതുവർഷത്തിനുമുമ്പ് പുതിയ ഭരണസമിതികൾ നിലവിൽവരും.

ജനുവരിമുതൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങൾക്കു തുടക്കമാകും. അതിനുമുമ്പ് തദ്ദേശതിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ സംവരണം നിശ്ചയിക്കുന്നത് ഒക്ടോബർ അവസാനം പൂർത്തിയാക്കും. തീയതി പ്രഖ്യാപിക്കാനുള്ള തടസ്സം ഇതുമാത്രമാണ്. ഓരോ ബൂത്തിലും വോട്ടുചെയ്യാവുന്ന പരമാവധി വോട്ടർമാരുടെ എണ്ണം എത്രയെന്ന തീരുമാനവും ഉടനുണ്ടാകും.

ആരോഗ്യ, പോലീസ് വകുപ്പുകളുമായി ചർച്ചനടത്തിയേ വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കൂ. ഒന്നിലധികം ദിവസം ഇടവിട്ട് രണ്ടുഘട്ടമായിത്തന്നെയായിരിക്കും തീയതി നിശ്ചയിക്കുക.