തിരുവനന്തപുരം: കേരള ടൂറിസത്തിന് ജനകീയമുഖം നൽകിയ ഉത്തരവാദിത്വ ടൂറിസം മിഷനിലൂടെ മൂന്നുവർഷംകൊണ്ട് 35 കോടിരൂപയുടെ വരുമാനം തദ്ദേശവാസികൾക്ക് നേടിക്കൊടുക്കാൻ കഴിഞ്ഞെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ഉത്തരവാദിത്വ ടൂറിസം മിഷന്റെ മൂന്നാംവാർഷികാഘോഷവും വെബിനാർ പരന്പരയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂന്നുവർഷത്തെ മിഷന്റെ പ്രവർത്തനത്തിലൂടെ ഒരുലക്ഷംപേർക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താനായി -മന്ത്രി പറഞ്ഞു.

മിഷനിലൂടെ 140 ഗ്രാമീണ ടൂറിസം പാക്കേജുകളാണ് നടപ്പാക്കുന്നതെന്ന് ഡയറക്ടർ പി. ബാലകിരൺ പറഞ്ഞു. യോഗത്തിൽ കെ.ടി.എം. പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ, ടൂറിസം ഉപദേശകസമിതി അംഗങ്ങളായ ഇ.എം. നജീബ്, ഏബ്രഹാം ജോർജ്, പി.കെ. അനീഷ് കുമാർ, എം.പി. ശിവദത്തൻ, മിഷൻ കോ-ഓർഡിനേറ്റർ ബിജി സേവ്യർ എന്നിവർ സംസാരിച്ചു.